Saturday 30 March 2013

സ്പ്രിങ്ങ്സ് -(തുടര്‍ക്കഥ) ഭാഗം-1

നല്ല തണുപ്പുള്ള പ്രഭാതം ,,നവംബറിലെ പ്രഭാതത്തിനു പ്രത്യേക സൌന്ദര്യം തന്നെ..ബാല്‍ക്കണിയിലെ ചില്ല് വാതിലില്‍ കൂടി പുറത്തേയ്ക്ക് നോക്കി കിടക്കയില്‍ അമര്‍ന്നു കിടക്കുകയാണ് നിത..‍..തണുപ്പുള്ള പ്രഭാതത്തിന്റെ സുഖം ഒന്നറിയാന്‍ അതിരാവിലെ തന്നെ ഉണരണം .എന്നിട്ട് വീണ്ടും ഉറങ്ങുന്ന ഉറക്കത്തിന്റെ സുഖം അനിര്‍വചനീയം .....
കിടക്കയില്‍ കമിഴ്ന്നു കിടന്നു അവള്‍ തലയണ എടുത്തു തലക്ക് മീതെ വച്ച് പുതപ്പിന് ഉള്ളിലേക്ക് ഒന്ന് കൂടി ചുരുണ്ടു ..നല്ല സുഖം.എന്തായിരുന്നു ആ സ്വപ്നം..ഉറക്കത്തില്‍ കാണുന്ന നല്ല സ്വപ്‌നങ്ങള്‍ എല്ലാം ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞെങ്കില്‍..!
ചില സ്വപ്‌നങ്ങള്‍ അത് ഓര്‍മിപ്പിച്ചു നമ്മെ വിഷമിപ്പിക്കും..ചിലത് ഓര്‍ത്തെടുക്കാന്‍ കഴിയാതെ അതിന്റെ മനോഹാരിത ഒന്ന് കൂടി ആസ്വദിക്കാന്‍ കഴിയാതെ വിഷമിപ്പിക്കും..!
സമയം അറിയിച്ചു കൊണ്ട് അവളുടെ അലാം ക്ലോക്ക് മുഴങ്ങി ..ഹോ  ഈ നശിച്ച അലാറം ക്ലോക്ക് ഇന്നതിനെ ഞാന്‍ തല്ലി പൊളിക്കും ..തറവാട്ടിലെ കൊച്ചു മുറിയില്‍ തണുപ്പത്ത് അമ്മയെ കെട്ടി പിടിച്ചു ഉറങ്ങുമ്പോള്‍ ഒരു ക്ലോക്കും എന്നെ ഉണര്‍ത്തിയിരുന്നില്ല..!

കുഞ്ഞി പാവാടയും ബ്ലൌസും ഇട്ടു അമ്മയുടെ കഥകള്‍ കേട്ട് അത് മുഴുമിപ്പിക്കുനതിനു മുന്‍പേ ഉറങ്ങിയിരുന്ന ആ കാലം..അമ്മയുടെ ശരീരത്തിന് നല്ല മണമായിരുന്നു ...രാവിലെ മുതല്‍ അടുക്കളയിലും തൊടിയിലും എല്ലാ ജോലികളും ചെയ്തിരുന്ന അമ്മയില്‍ ഒരിക്കലും വിയര്‍പ്പിന്റെ ഗന്ധം അനുഭവപെട്ടിട്ടില്ല..കൊതിച്ചുപോകുന്നു വീണ്ടും ആ പ്രായത്തിലേക്ക് തന്നെ തിരിച്ചെത്താന്‍...

നിത..പ്രശസ്തനായ അച്ഛന്റെ കുറച്ചൊക്കെ പ്രശസ്തി ഉള്ള മകള്‍..മുകുന്ദന്‍ മേനോന്‍ കേരള രാഷ്ട്രീയത്തിലെ അതികായകന്‍..ഭരണത്തില്‍ ആര് വന്നാലും അതിന്റെ ചക്രം തിരിയുന്നത് ഒറ്റപ്പാലത്തുള്ള വല്യവീട്ടില്‍ തറവാട്ടില്‍ ആണെന്നുള്ളത്‌ പരസ്യമായ ഒരു രഹസ്യമാണ്..
ആറ് അടി ഉയരത്തില്‍ വടി പോലെ തേച്ച തൂവെള്ള ഖദര്‍ ഷര്‍ട്ടും മുണ്ടും പോക്കെറ്റില്‍ ഫ്രഞ്ച് മൈഡ് വാട്ടര്‍മാന്‍ പേനയും കയില്‍ വെള്ള ഡയല്‍ ഉള്ള ഒമെഗയുടെ കല്ല്‌ വച്ച ചെയിന്‍ വാച്ചും... അദ്ധേഹത്തിന്റെ രൂപം കൂടുതല്‍ ചേരുന്നത് ഒരു ഹൈ സ്കൂള്‍ ഹെഡ് മാസ്റെര്‍ക്ക് ആണ്..അച്ഛന്റെ കഴിവുകളില്‍ നിതക്ക് എന്നും അഭിമാനവും അതിശയവും തോന്നിയിട്ടുണ്ടെങ്കിലും..മനസ്സിനുള്ളില്‍ എന്നും അച്ഛന്‍ അവള്‍ക്ക് ഒരു പേടി സ്വപ്നമാണ്..സ്നേഹത്തോടെ ഒരു ചിരിയോ വാക്കോ അവിടുന്ന് അവള്‍ക്കു അനുഭവിക്കപെട്ടിട്ടില്ല..എന്നും അച്ഛന്‍ വളരെ പ്രാക്ടിക്കല്‍ ആയിരുന്നു എന്ന് അവള്‍ക്കു തോന്നിയിട്ടുണ്ട്..ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളെ കുറിച്ച് അച്ഛന് ഒരു അറിവും ഉണ്ടായിരുന്നില്ല..ജീവിതം എന്നാല്‍ ആരോട് ഒക്കെയോ തീര്‍ക്കാനുള്ള വാശിയും മത്സരവും മാത്രം ആണെന്നാണ്‌ അച്ഛന്...!
നിത ശ്രീ ചിത്ര മെഡിക്കല്‍ സെന്റര്‍ലെ മോളിക്കുലര്‍ ബയോളജി ഡിപ്പാര്‍ട്ട്മെന്‍റ് ഹെഡ് ആണ് .....PHD കഴിഞ്ഞ ഉടനെ തന്നെ അവള്‍ സയന്റിസ്റ്റ് ആയി അവിടെ ജോലിക്ക് കേറി...എത്രത്തോളം ഈ പൊസിഷന് തനിക്കു യോഗ്യത ഉണ്ടെന്നു അവള്‍ ചിന്തിച്ചിരുന്നു അന്ന്..അച്ഛന്റെ മോള്‍ ആയതു കൊണ്ട് മാത്രം തന്നെക്കാള്‍ കഴിവ് ഉണ്ടായിരുന്ന വേറെ പലരും കൊതിച്ചിരുന്ന ആ ജോലി തനിക്കു വന്നു ചേര്‍ന്നു..!

എപ്പോളും അങ്ങനെ ആയിരുന്നു..ഒറ്റപ്പാലം ഗവേര്‍ന്മേന്റ്റ് സ്കൂളില്‍ ലോവേര്‍ പ്രൈമറി പഠിച്ചു കഴിഞ്ഞപ്പോള്‍ അച്ഛന്റെ തന്നെ തീരുമാനം ആയിരുന്നു ഊട്ടിയിലെ കോണ്‍വെന്റ് സ്കൂളില്‍ ചേര്‍ക്കണം എന്നത്..ഓണത്തുമ്പികളും , പുഞ്ചപാടങ്ങളും,,തെയ്യവും കോലങ്ങളും, അമ്പലക്കുളവും , വൈകുന്നേരങ്ങളില്‍ ആല്‍മരത്തിന്‍റെ കീഴില്‍ നേരമ്പോക്ക് പറയുന്ന നാട്ടിലെ കാരണവന്മാരെയും,കോളാമ്പി സ്പീക്കര്‍ പുറത്തേക്കു വിടുന്ന ദാസേട്ടന്റെ കൃഷ്ണഭക്തി ഗാനങ്ങളും എല്ലാം ചേര്‍ന്ന തന്റെ പ്രിയപ്പെട്ട നാടിന്റെ സൌന്ദര്യം ഇടയ്ക്കുള്ള ചെറിയ അവധി ഇടവേളകളില്‍ മാത്രം ആസ്വദിക്കാനും ആ ഓര്‍മകളില്‍ മുഴുകാനും ആയിരുന്നു പിന്നെ തന്റെ വിധി.. ഊട്ടിയിലെ ബോര്‍ഡിങ്ങില്‍ അച്ചടക്കത്തിന്റെ വാള്‍മുനയില്‍ മണ്ണിന്റെ മണവും മനുഷ്യന്റെ ജീവിതവും തന്നില്‍ നിന്നും അകന്നു പോകുന്നത് അവള്‍ അറിഞ്ഞു.

അവിടുന്നുള്ള തന്റെ ജീവിതം അച്ഛന്റെ തീരുമാനപ്രകാരം മാത്രമായിരുന്നു..ഒരു ധൈര്യവും ഉണ്ടായിരുന്നില്ല എതിര്‍ക്കാനോ ചോദ്യം ചെയ്യണോ ഒന്നിനും..ഓരോ ഉയര്‍ച്ചയും അച്ഛന്റെ ഇഷ്ടം അച്ഛന്റെ കഴിവ്..അവസാനം വിനുവേട്ടനെ തനിക്കു വേണ്ടി തിരഞ്ഞെടുത്തതും അച്ഛന്‍ തന്നെ..!

തന്റെ മനസ്സിന്റെ ആഗ്രഹങ്ങള്‍ അറിയാനോ അത് പറയാനോ വീട്ടില്‍ ഉണ്ടായിരുന്നത് അമ്മ മാത്രം..അച്ഛന്റെ നിഴല്‍ കണ്ടാല്‍ പോലും വിറയ്ക്കുന്ന ഒരു സാധു ജന്മം..തനി നാടന്‍ ഒറ്റപ്പാലത്തുകാരി ..ഐശ്വര്യം എന്നാ വാക്ക് വച്ച് ഒരു ഖണ്ഡിക എഴുതാന്‍ രാധ ടീച്ചര്‍ ആവശ്യപെട്ടപ്പോള്‍ അമ്മയെ കുറിച്ച് മാത്രമാണ് അവള്‍ക്കു മനസ്സില്‍ വന്നത്..അതായിരുന്നു ഓര്‍മയിലെ ആദ്യത്തെ എഴുത്തും..ടീച്ചര്‍ ആണ് അവളിലെ എഴുത്തുകാരിയെ കണ്ടെത്തിയത്..ഒരുപാട് പ്രോത്സാഹിപ്പിച്ചതും..
അച്ഛന് ഒരു വലിയ ലൈബ്രറി ഉണ്ടായിരുന്നു തറവാട്ടില്‍..ഒരുപാട് പുസ്തകങ്ങള്‍ .അവള്‍ക്കു അച്ഛനോട് ഏറ്റവും ഇഷ്ടവും ബഹുമാനവും തോനീട്ടുള്ളത് ആ ലൈബ്രറി കാണുമ്പോള്‍ ആണ്..ഓരോ അവധിക്കു വരുമ്പോളും ഒരു കെട്ടു പുസ്തകങ്ങളും ആയാണ് അവളുടെ തിരിച്ചുപോക്ക് .കമല ദാസും, സാറ ജോസെഫും ,റോസിയും ,ബഷീറും , MT യും മുകുന്ദനും ഒക്കെ അവളുടെ കളിക്കൂട്ടുകാര്‍ ആയി...ബോര്‍ഡിങ്ങില്‍ ഒരു ഏകാന്ത പ്രണയിനി ആയിരുന്ന അവളുടെ കുഞ്ഞു ലോകം തന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ വായിച്ചു കൊണ്ട് അതിലെ വരികളിലും കതപാത്രങ്ങളിലും മുഴുകി ഇരിക്കുക എന്നതായിരുന്നു...
ആ ഓര്‍മ്മകളില്‍ നിന്നും അവള്‍ പെട്ടെന്ന് തിരിച്ചു വന്നു..തിരിച്ചു കിട്ടാന്‍ ആഗ്രഹിച്ചാലും നടക്കാത്ത ആ പഴയ കാലം വെറുതെ ഓര്‍ത്തിട്ടു എന്താ കാര്യം ...!

എന്താ ഇന്ന് വിനുവേട്ടന്‍ വിളിക്കാന്‍ ലേറ്റ് ആകുന്നതു..സാധാരണ ഈ സമയത്ത് കാള്‍ വരേണ്ടതനാല്ലോ..മക്കള്‍ രണ്ടും ആവോളം ഉറങ്ങട്ടെ..അവധി ദിവസം ആണ് അവരുടെ തിരക്കിട്ട വിദ്യാഭ്യാസ കസര്‍ത്തിനു ഒരു അറുതി ഉണ്ടാകുന്നത്..ടുഷന്‍ ക്ലാസ്സില്‍ നിന്നും ഒരു മോചനവും..രണ്ടാം ക്ലാസ്സില്‍ സ്ലേറ്റും മഷി തണ്ടും കൊണ്ട് പോയിരുന്ന കാലം അല്ലല്ലോ..
എന്നാലും എന്തായിരിക്കും വിനുവേട്ടന്‍ വിളിക്കാന്‍ താമസിക്കുനതു ??
(തുടരും)

No comments:

Post a Comment