Saturday, 30 March 2013

ഫ്ലാറ്റ് നമ്പര്‍ 666 ഹൌറ

കല്‍ക്കട്ട ..! 
അറിയുന്ന  പ്രായം മുതല്‍ എന്റെ ചിന്തകളെയും സ്വപ്നങ്ങളെയും ഒരുപോലെ ത്രസിപ്പിച്ച ,കൊതിപ്പിച്ച മഹാനഗരം .ഞാന്‍ ആഗ്രഹിച്ചതും ഈ നഗരത്തില്‍ ഒരു ജോലിയും ജീവിതവും
തന്നെയാണ്...! പോസ്റ്റിങ്ങ്‌ ഓര്‍ഡര്‍ കയില്‍ കിട്ടിയപ്പോള്‍ ആദ്യം നോക്കിയത് കല്‍ക്കട്ടയില്‍ തന്നെയാണോ എന്നതാണ് . എം .ബി .എ കഴിഞ്ഞു ഐ സി ഐ സി ഐ പോലെ ഒരു മള്‍ട്ടി നാഷണല്‍ ഭീമന് എന്റെ ബുദ്ധിയും യത്നവും തീറെഴുതി നല്‍കാന്‍ തീരുമാനിച്ചു ജോബ്‌ ഫോം ഫില്‍ ചെയ്തു കൊടുക്കുമ്പോള്‍ അറിയാതെ തന്നെ താല്‍പ്പര്യമുള്ള സിറ്റി എന്ന സ്ഥലത്ത് പൂരിപ്പിച്ചത് കല്‍ക്കട്ട എന്നായിരുന്നു . ഒരു പക്ഷെ ഉള്ളിന്റെ ഉള്ളിലെങ്കിലും ഞാന്‍ ചെയ്തു പോരുന്നു എന്ന് കരുതുന്ന തെറ്റുകള്‍ക്ക് ഒരു ചെറിയ പരിഹാരം കൂടിയാകാം അങ്ങനെ ചെയ്യാന്‍ മനസ്സിനെ പ്രേരിപ്പിച്ച ഘടകം ..! 

മുതലാളിത്വവും ബൂര്‍ഷ്വാകളും തൊഴിലാളികളെ പിഴിഞ്ഞെടുക്കുന്നതിനെതിരെ പ്രസംഗിച്ചു നടന്നതും ഇപ്പോള്‍ അതേ മുതലാളിത്വത്തിന്റെ മുന്നില്‍ ഇരന്നു വാങ്ങിയ ജോലിയും തമ്മിലുള്ള വൈരുദ്ധ്യാത്മക തത്വശാസ്ത്രം അങ്ങീകരിക്കേണ്ട സ്ഥിതി ..!!! അപ്പോഴും എന്റെ ഉള്ളിന്റെ ഉള്ളില്‍ കെടാതെ ജ്വലിക്കുന്ന ഇടതുപക്ഷ വര്‍ഗ്ഗ തീജ്വാലകള്‍ അണയ്ക്കാന്‍ കഴിയുന്നതല്ല എന്നുള്ള ഉത്തമ ബോധ്യം , അതില്‍ ഉരുത്തിരിഞ്ഞ കുറ്റബോധം ,അതൊക്കെ തന്നെയാകും കേട്ടും പഠിച്ചും പ്രണയിച്ച ബംഗാളിന്റെ കല്‍ക്കട്ടയ്ക്ക് തന്നെ ആകട്ടെ എന്റെ സേവനം എന്ന് കരുതിയതും !!
 

ഹൂഗ്ലി നദിയുടെ പടിഞ്ഞാറായി പരന്നു കിടക്കുന്ന കൊല്‍ക്കട്ട സിറ്റിയുടെ ട്വിന്‍ സിറ്റി  എന്ന് അറിയപ്പെടുന്ന ഹൌറ..! ഡിസംബറിലെ ഈ തണുപ്പിലും അതിരാവിലെ ഉണര്‍ന്നു സൂര്യ പ്രകാശത്തില്‍ തിളങ്ങി നില്‍ക്കുന്ന ഹൌറ പാലം കാണാന്‍ ഒരു പ്രതെയ്ക സൌന്ദര്യം തന്നെയാണ്.. ഹൂഗ്ലി നദിയില്‍ കൂടി വള്ളം ഉന്തി പോകുന്ന വള്ളക്കാരും അവര്‍ പാടുന്ന ചില ബെങ്കാളി പാട്ടുകളുമൊക്കെ സിനിമകളിലും മറ്റും കാണുന്ന അതിശയോക്തി കലര്‍ന്ന കാഴ്ചകള്‍ അല്ലന്നും അത് ഹൌറയുടെ ജീവിതത്തിലെ ഒരു ഭാഗം തന്നെയാണ് എന്നുള്ളത് അവിടെ എത്തിയപ്പോളാണ് എനിക്ക് മനസ്സിലായതും !

രണ്ടു ബെഡ്റൂം ഫ്ലാറ്റ് , വിശാലമായ ബാല്‍ക്കണി , ലിഫ്റ്റ്‌ ഉള്‍പ്പടെ എല്ലാ സൌകര്യങ്ങളും ഫുള്‍ ഫര്‍ണിഷ്ഡും ..സിറ്റിയില്‍ നിന്നും കുറച്ചു മാറിയത് കൊണ്ടാകും സാധാരണ ഒരു ബെഡ് റൂമിന് കൊടുക്കുന്ന വാടകകാശ് പോലും ഉടമ ആവശ്യപ്പെട്ടില്ല..മാത്രമല്ല അഡ്വാന്‍സ്‌ വേണ്ട എന്നും പറഞ്ഞപ്പോള്‍ കല്‍ക്കട്ടക്കാരുടെ സ്നേഹത്തെ കുറിച്ചുള്ള എന്റെ മതിപ്പ് കൂടിയതെ ഉള്ളു..

ആറാം നിലയിലെ 666 നമ്പര്‍ ഫ്ലാറ്റിന്റെ താക്കോല്‍ കൈപ്പറ്റി നൂറു രൂപ വാച്ച്മാന് കയില്‍ വച്ച് കൊടുമ്പോള്‍ അയാള്‍ടെ കണ്ണുകളില്‍ കണ്ടത് നന്ദി നിറഞ്ഞ സന്തോഷമോ ഭീതി കലര്‍ന്ന നിര്‍വികാരതയോ എന്നെനിക്കു പെട്ടെന്ന് മനസ്സിലാക്കി എടുക്കാന്‍ കഴിഞ്ഞില്ല..! ഈട്ടിത്തടിയില്‍ ചെയ്ത വീട്ടുസാധനങ്ങളൊക്കെ  കുറച്ചു പഴക്കം ചെന്നവയായിരുന്നെങ്കിലും ഉറപ്പുള്ളതും അധികം ഉപയോഗിചിട്ടില്ലാത്തവയും ആയിരുന്നു..! ഉള്ള രണ്ടു മുറികളില്‍ ബാത്രൂം അറ്റാച്ച് ആയ മുറി എന്റെ കിടക്ക മുറിയായി തിരഞ്ഞെടുത്തു കുറച്ചു കൂടി വായുസഞ്ചാരമുള്ള അടുത്ത മുറി എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ക്കും യോഗ ചെയ്യുന്നതിനും ക്രമീകരിച്ചു..അവിടുള്ള ജന്നല്‍ തുറന്നാല്‍ വരുന്ന ഇളംകാറ്റ് ആ ദിവസത്തെ മുഴുവന്‍ ഊര്‍ജ്ജവും ശരീരത്തിലും മനസ്സിലും നിറക്കുന്നതായിരുന്നു.! 

പതിവ് പുസ്തക വായനയില്‍ നിന്നും ഉറക്കത്തിലേക്ക് വീഴുമ്പോഴാണ് ആ കുഞ്ഞിപ്പൂച്ചയുടെ  കരച്ചില്‍ പിന്നെയും കേട്ടത് ..രണ്ടു ദിവസമായി ഈ ശബ്ദം കേള്‍ക്കുന്നുണ്ട് ..വീട് മുഴുവന്‍ തിരഞ്ഞിട്ടും അതെവിടെ ആണെന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞില്ലലോ ..? രണ്ടു ദിവസം മുതലാണോ ? അല്ല ഞാന്‍ ഈ വീടിലേക്ക്‌ താമസം മാറിയത് മുതല്‍ ഉണ്ട് ഈ കരച്ചില്‍ ..അടുത്ത ഫ്ലാറ്റില്‍ എങ്ങാനും ആകുമെന്ന് കരുതി ആദ്യമൊന്നും അത്ര ശ്രദ്ധിച്ചില്ല..പക്ഷെ അതല്ല ആ കരച്ചില്‍ വരുന്നത് അടുത്ത മുറിയില്‍ നിന്ന് തനെയാണ്‌..! ഇനിയിപ്പോള്‍ ഏതായാലും നോക്കാന്‍ വയ്യ രാവിലെ നോക്കാം !


പകലുള്ള വ്യായാമവും യോഗയും കഴിഞ്ഞ ശേഷം ഞാന്‍ തിരച്ചില്‍ തുടര്‍ന്നു..ഇന്നേതായാലും ഇത് കണ്ടു പിടിക്കണം ..പൂച്ചക്കുട്ടികളെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ...ഈ മുറിയില്‍ നിന്നും തന്നെ ആണ് ആ കരച്ചില്‍ അത് മാത്രമല്ല പൂച്ച മൂത്രത്തിന്റെ ദുര്‍ഗന്ധവും ഉണ്ട്. അലമാരകള്‍ തുറന്നു തുണികള്‍ ഒക്കെ പുറത്തേക്കു ഇട്ടു തിരഞ്ഞു ഒന്നും കണ്ടില്ല കട്ടിലിനടിയിലൊക്കെ പരതി നോക്കി ഇല്ല എവിടെയുമില്ല .! ഇനി വെറും തോന്നലാകുമോ ?ചിലപ്പോള്‍ ഫ്ലാറ്റിനു പുറത്താകും !! വാച്ച്മാനോട് ചോദിക്കാം എന്ന് കരുതിയാല്‍ ആ മനുഷ്യന് ബെങ്കാളി അല്ലാതെ ഒരു ഭാഷയും അറിയില്ല മാത്രമല്ല എന്നെ കാണുമ്പോള്‍ അയാള്‍ ഒഴിഞ്ഞു മാറി നടക്കാറും  ഉണ്ട്..ഭാഷയുടെ ഈ പ്രശ്നം കാരണമാകും ! തിരച്ചില്‍ മതിയാക്കി പതിവ് ഉണര്‍വോടെ ഞാന്‍ ഓഫീസിലേക്ക് പോകാനായി ട്രാം കാത്തു നിന്നു.. ഇവിടുത്തെ.പൊതുഗതാഗതത്തിനു ഏവരും ആശ്രയിക്കുന്നത് കുഞ്ഞു ട്രെയിന്‍ പോലെ റോഡിലെ ചെറിയ പാളങ്ങളില്‍ കൂടി സഞ്ചരിക്കുന്ന ട്രാം എന്ന വാഹനത്തെ തന്നെയാണ്..!

കാന്റീനിലെ കോഫി ബാറില്‍ തുര്‍കിഷ് കോഫീ രുചിച്ചു കൊണ്ടിരുന്നപ്പോള്‍ വീണ്ടും ആ പൂച്ചക്കുട്ടിയുടെ കരച്ചില്‍ എന്റെ ഓര്‍മകളിലേയ്ക്ക് വന്നു ..! അതോടൊപ്പം മറ്റു ചില കാര്യങ്ങളും ! ..സാധാരണ രാവിലെ ആ മുറിയിലേക്ക് കയറുമ്പോള്‍ ഫാന്‍ കറങ്ങുന്നതും കട്ടിലിന്റെ കിടക്ക ഉലഞ്ഞു കിടക്കുന്നതും പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് !! ഇത് മാത്രമല്ല ഇനിയും വേറെ ചില കാര്യങ്ങള്‍ കൂടി ആ ഫ്ലാറ്റില്‍ സംഭവിക്കുന്നുണ്ട് ..!..വളരെ പെട്ടെന്നാണ്. എന്റെ  ചിന്തകള്‍ ഒന്നിന് പുറകെ ഒന്നായി ചുരുളഴിഞ്ഞു തുടങ്ങിയത് ..പലപ്പോഴും  ഞാന്‍ വായിച്ച ശേഷം വാരി വിതറി ഇട്ടിരിക്കുന്ന പുസ്തകങ്ങള്‍ അടുത്ത ദിവസം ഷെല്‍ഫില്‍ ഇരിക്കുന്നതും ഊരി എറിയുന്ന ഷൂ തിരികെ അതിന്റെ റാക്കില്‍ തന്നെ ഇരിക്കുന്നതും കണ്ടിട്ടുണ്ട് ..!! ഒരിക്കലും ശീലിച്ചിട്ടില്ലാത്ത അടുക്കും ചിട്ടയും ഞാന്‍ ശീലിച്ചു തുടങ്ങിയോ എന്നൊക്കെ അപ്പോള്‍ സംശയിച്ചിരുന്നു..! പക്ഷെ അതല്ല ഞാന്‍ തന്നെയാണോ ഇത് ചെയ്യുന്നത് ? അല്ല അത് ഞാന്‍ അല്ല ഉറപ്പാണ്..എങ്ങനെ ആയാലും ഇത്തരം ശീലങ്ങള്‍ എനിക്ക് ഉണ്ടാകാന്‍ സാധ്യത ഇല്ല അത് നൂറു വട്ടം ഉറപ്പാണ് ..! അപ്പോള്‍ അതെങ്ങനെ സാധിക്കുന്നു ? ഇനി ആ വാച്ച്മാന്‍ ? ഛെ അല്ല അയാള്‍ ആറാം നിലയില്‍ വരുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല മാത്രമല്ല അയാളുടെ കയ്യില്‍ താക്കോലും ഇല്ല ..പുതിയ പൂട്ടിന്റെ താക്കോല്‍ എന്റെ കയ്യില്‍ മാത്രമാണുള്ളത് ..പിന്നെ എങ്ങനെ?

അന്ന് രാത്രി അടുത്ത മുറിയിലെ കിടക്കവിരി ശരിയായി പിടിച്ചിട്ടു ഫാന്‍ ഓഫ്‌ ആണെന്ന് ഉറപ്പു വരുത്തി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാന്‍ അപ്പുറത്തെ മുറിയിലേക്ക് ചെവിയോര്‍ത്തു ! എന്താണ് ഇവിടെ സംഭവിക്കുന്നത്‌ എന്ന് അറിയണമല്ലോ  !! 

അതാ വീണ്ടും അതേ കരച്ചില്‍ ആ പൂച്ചക്കുട്ടിയുടെ കരച്ചില്‍ ഒപ്പം തന്നെ ആ മുറിയിലെ ഫാന്‍ കറങ്ങി തുടങ്ങുന്ന കര കര ശബ്ദവും ! നാസ്തിക ചിന്തയും ഭൌതിക ജീവിതവും മാത്രം വിശ്വസിച്ചു വളര്‍ന്ന എന്റെ മനസ്സില്‍ എവിടെ നിന്നോ ഉരുണ്ടു കൂടിയ ഭയം ഉറക്കത്തിനെ എന്നില്‍ നിന്നും തട്ടി അകറ്റി  !! പകല്‍വെളിച്ചം വീഴുമ്പോഴും ഉറക്കം വരാത്ത കണ്ണുകളുമായി കിടന്ന ഞാന്‍ എണീറ്റ്‌ കിടുങ്ങുന്ന ഹൃദയവുമായി പതുക്കെ ആ മുറിയിലേക്ക് പോയി ..!! അതെ ഫാന്‍ കറങ്ങുന്നുണ്ട് ..ആരോ കിടന്നത് പോലെ ആ കിടക്ക ചുളിഞ്ഞു കിടപ്പുണ്ട്..!!


"അതെ ഞാന്‍ കൂടാതെ ആരോ കൂടി ഈ ഫ്ലാറ്റില്‍ ഉണ്ട് ...ഈ മുറിയില്‍ ഉണ്ട്"  !! പരിഭ്രമത്തോടെ എന്നില്‍ നിന്നും ഉയര്‍ന്ന ഈ വാക്കുകളോടൊപ്പം എന്റെ ശരീരവും വിറയ്ക്കുകയായിരുന്നു !!

വിശ്വസിക്കാന്‍ കഴിയാത്തതായിരുന്നു പിന്നീടങ്ങോട്ടുള്ള നാളുകള്‍ !!! ഓഫീസില്‍ നിന്നും വന്ന ശേഷം ഫ്രഷ്‌ ആയി ടി. വി കണ്ടിരിക്കുമ്പോള്‍ എനിക്ക് വേണ്ടി  അടുക്കളയില്‍ കാപ്പി തിളയ്ക്കുന്നുണ്ടാകും !! ഇട്ടുമാറുന്ന തുണികള്‍ ഒന്നൊഴിയാതെ വാഷിംഗ്‌ മഷീനില്‍ കഴുകി ഉണങ്ങി കിടപ്പുണ്ടാകും !! കുളിച്ചു കഴിഞ്ഞു തല തുവര്‍ത്താന്‍ ഉണങ്ങിയ ടവല്‍ വേണം നിര്‍ബന്ധമുള്ള എനിക്ക് അങ്ങനെ തന്നെ ഉണങ്ങിയ ഒരെണ്ണം അവിടെ ഉണ്ടാകും !! ഓഫീസിലേക്ക് ഇറങ്ങാന്‍ നേരം അലക്കി തേച്ചു വൃത്തിയാക്കിയ പാന്റും ഷര്‍ട്ടും അതും ഞാന്‍ അന്നന്ന് എന്തിടാന്‍ നിശ്ചയിക്കുന്നോ അത് തന്നെ റെഡി ആയി കട്ടിലിന്റെ പുറത്ത് ഉണ്ടാകും  !! ദൈനംദിന ജീവിതത്തിലെ എന്റെ ഓരോ കൊച്ചു കൊച്ചു ആവശ്യങ്ങളും ഞാന്‍ അറിയാതെ തന്നെ ഞാന്‍ ചെയ്യാതെ തന്നെ എല്ലാം എനിക്ക് വേണ്ടി ആരോ ചെയ്യുന്നു...!! അതിശയം എന്ന് പറഞ്ഞു നിര്‍ത്തുന്നില്ല അത്യാതിശയം എന്നാ വാക്കുണ്ടെങ്കില്‍ ഞാന്‍ അതാകും ഇത് സൂചിപ്പികുമ്പോള്‍ ഉപയോഗിക്കുക ...!! ആദ്യമാദ്യം ഭയമായിരുന്നു മനസ്സില്‍ എങ്കിലും പിന്നെ എനിക്ക് ഇതൊരു സന്തോഷമായിരുന്നു..ഒന്നുമില്ലെങ്കിലും ഒറ്റപ്പെട്ട ഈ ജീവിതത്തില്‍ എനിക്ക് വേണ്ടി എല്ലാം ചെയ്യുന്ന ആരോ ഒരാള്‍ !! ആരാകും അത് ? ചില യക്ഷിക്കഥകളില്‍ ഇത്തരം അനുഭവങ്ങള്‍ വായിക്കുമ്പോള്‍ മനസ്സില്‍ പുച്ഛം കലര്‍ന്ന ഒരു ചിരി മാത്രമേ എനിക്ക് തോന്നിയിരുന്നുള്ളൂ ...പക്ഷെ ഇത് ..ഇത് എന്റെ ജീവിതത്തിലും സംഭവിച്ചിരിക്കുന്നു ...തോന്നല്‍ എന്ന് കരുതി എനിക്ക് തള്ളിക്കളയാന്‍ ആകില്ല അത്രയ്ക്കും ആഴമേറിയ പല അനുഭവങ്ങള്‍ !!!

*                       *                            *                            *                       *              
                                   
നിറഞ്ഞ ആകാംഷയോടെ ഡോക്ടര്‍ സത്യനാഥ് തന്ന കോഫീ വാങ്ങി മൊത്തിക്കുടിച്ചു കുടിച്ചു കൊണ്ട് നര കയറി തുടങ്ങിയ ബുള്‍ഗാന്‍ തടവി ഇരിക്കുന്ന അദ്ധേഹത്തിന്റെ മുഖത്തേക്ക് തന്നെ ഞാന്‍ നോക്കിയിരുന്നു..! എന്താകും എന്റെ മനസ്സില്‍ നിന്നും ഈ മനുഷ്യന്‍ ഹൈപ്നോട്ടിസ് ചെയ്തു തുരന്നെടുതത് ??


"ദേവ് ..ഇപ്പോള്‍ എന്ത് തോന്നുന്നു ? ആര്‍ യു ഓക്കേ ?" സത്യനാഥ് തന്റെ താടിയില്‍ നിന്നും കൈ എടുത്തു കൊടുത്തു കൊണ്ട് ചോദിച്ചു
"എസ് ഡോക്ടര്‍ ഐ ഫീല്‍ ബെറ്റര്‍ ..പക്ഷെ എന്താണ് താങ്കള്‍ എന്നില്‍ നിന്നും അറിഞ്ഞ എന്റെ ഉള്‍മനസ്സിലെ രഹസ്യങ്ങള്‍ എന്നറിയാനായി ഒരു ആകാംഷ അത്രയേ ഉള്ളു " ചെറു പുഞ്ചിരിയോടെ ഞാന്‍ മറുപടി പറഞ്ഞു.


"ഓക്കേ ..സീ ദേവ് താങ്കളുടെ മനസിന്റെ രഹസ്യങ്ങള്‍ പറയുന്നതിന് മുന്നേ ഞാന്‍ വേറെ ചില കാര്യങ്ങള്‍ പറയാം .മനസ്സ് എന്നത് ഇന്ന് വരെ പൂര്‍ണമായും മനസ്സിലാകാത്ത ഒരു സമസ്യ തന്നെയാണ് ആക്കും അത് പൂര്‍ണമായി വിവരിക്കാന്‍ കഴിഞ്ഞിട്ടില്ല .." ഒരു നിമിഷം നിര്‍ത്തി കോഫീ ഒന്നിറക്കിയ ശേഷം അദ്ദേഹം പറഞ്ഞു  .."ക്ഷമിക്കണം എന്റെ മലയാളം അത്ര നന്നായിരിക്കില്ല വാക്കുകള്‍ ശരിയാണോ എന്ന് ഉറപ്പില്ല കേട്ടോ ജനിച്ചതും വളര്‍ന്നതും ചാറ്റര്‍ജിമാരുടെയും ഗോസ്വാമിമാരുടെയും ഒപ്പം ഈ നാട്ടിലാണ് " ചിരിയോടെ അദ്ദേഹം തുടര്‍ന്നു .. "ഞാന്‍ പറഞ്ഞു വന്നത് മനസ്സിനെ കുറിച്ചാണ്...മനസ്സ് എന്നത് ഒരു ഫോക്കസ് ആണ് പലരുടെയും ചിന്തകളും വികാരങ്ങളും കലര്‍ന്ന ഒരു കേന്ദ്ര ബിന്ദു എന്നും പറയാം ..അത് നമ്മുടെ അതെ ചിന്താ രീതികളുള്ള പലരുടെയും മനസ്സുകളുമായി കെട്ടുപിണഞ്ഞു കിടക്കും !. നമ്മള്‍ ഒരുപാട് ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ മനസ്സ് അതിന്റെ ഒരു കോണിലെ  കുഞ്ഞറകളില്‍ സൂക്ഷിക്കും അത് അവിടെ നമ്മള്‍ പോലും അറിയാതെ കിടക്കുകയും ചില സാഹചര്യങ്ങളില്‍ ഉടമയുടെ ആഗ്രഹാപൂര്ത്തീകരണം നടത്തികൊടുക്കുന്ന അടിമയെ പോലെ നമ്മളെ കൊണ്ട് തന്നെ അത് നടത്തിയെടുകുകയും ചെയ്യും !! "

അദ്ദേഹം പറയുന്നത് ക്ഷമയോടെ കേട്ടിരുന്ന എന്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചിട്ട്  ഒരു കഥ പറയുന്ന ലാഘവത്തോടെ അദ്ദേഹം പിന്നെയും തുടര്‍ന്നു..

"മനസ്സിന്റെ ഈ പ്രതിഭാസത്തെ പാരാസൈക്കോളജിയില്‍ ഞങ്ങള്‍ ചില പേരുകളില്‍ വിളിക്കാറുണ്ട് സൈക്കൊനൈസിസ് എന്ന് പറയും ..ദേവ് കേട്ടിട്ടുണ്ടോ ?"ഇല്ലെന്നു ഞാന്‍ തലയാട്ടി

"ഇത് ശരിക്കും മാനസികാമായി സ്വധീനപ്പെട്ടു ഉണ്ടാകുന്ന ചലനങ്ങള്‍ ആണ് ശരീരം അപ്പോള്‍ പ്രവര്‍ത്തിക്കുന്നത് മനസ്സിന്റെ ഈ പ്രതെയ്ക അവസ്ഥയുടെ ഓര്‍ഡര്‍ അനുസരിച്ചാകും ..അതായതു അത് ചെയ്യുന്ന ആള്‍ അയാളുടെ  ബോധമനസ്സിനെ ഒളിപ്പിച്ചു കൊണ്ട് ! ഒരു മിനിട്ട്  ഞാന്‍ ഒരു കാര്യം കാണിക്കാം ..ക്ഷമിക്കണം ഇക്കാര്യത്തില്‍ കുറച്ചു അധികസ്വാതന്ത്ര്യം എടുത്തു ഞാന്‍ !" ഒരു ചമ്മിയ ചിരി ഉണ്ടായിരുന്നു അപ്പോള്‍ ഡോക്ടറുടെ മുഖത്ത്


എന്റെ ശ്രദ്ധ അദ്ദേഹം കമ്പ്യൂട്ടര്‍ മോണിട്ടറിലേക്ക് ക്ഷണിച്ചു കൊണ്ട് അദ്ദേഹം ഒരു വീഡിയോ പ്ലേ ചെയ്തു ..! ആ  വീഡിയോ കണ്ടു ഞാന്‍ അമ്പരന്നു !! അതൊരു ഒളിക്യാമറയുടെ ദ്രിശ്യങ്ങളായിരുന്നു എന്റെ  ഫ്ലാറ്റിലെ സ്വീകരണ മുറിയാണ് കാണുന്നത് ..ഓഫീസ് വിട്ടു വന്ന ഞാന്‍ ഫ്രഷ്‌ ആയ ശേഷം നേരെ അടുക്കളയില്‍ പോയി എന്തോ ചെയ്ത ശേഷം തിരിച്ചു വന്നു ടി വി ഓണ്‍ ആകി അതിന്റെ മുന്നില്‍ ഇരിക്കുന്നു..കുറച്ചു കഴിഞ്ഞു ഒരു ചിരിയോടെ അകത്തേക്ക് പോയി ചായ എടുത്തു വന്നു ഇരിക്കുന്നു..!


"വീഡിയോ ഒന്ന് നിര്‍ത്തി അദ്ദേഹം ചോദിച്ചു..ദേവ് ഇങ്ങനെ തന്നെ ആണോ ഓഫീസില്‍ നിന്നും വന്നു കഴിഞ്ഞാല്‍ ചെയ്യുന്നത് ?"


സംശയം നിറഞ്ഞ ഭാവത്തോടെ ഞാന്‍ പറഞ്ഞു "അല്ല ഡോക്ടര്‍ ഒരു വ്യത്യാസം ഉണ്ട് ഫ്രഷ്‌ ആയിക്കഴിഞ്ഞാല്‍ ഞാന്‍ നേരെ ടി വി കാണുകയാണ് ചെയുന്നത് അതിനു മുന്‍പേ അടുക്കളയില്‍ പോകാറില്ല ഉറപ്പാണ് എനിക്ക് ..പക്ഷെ ഈ വീഡിയോ അതെങ്ങനെ താങ്കള്‍ക്കു കിട്ടി !!?"അതിശയത്തോടെ ഞാന്‍ പറഞ്ഞു നിറുത്തി.


"വീഡിയോ കിട്ടിയ  കാര്യം ഞാന്‍ പറയാം ..ആദ്യം ഇത് കേള്‍ക്കു അവിടെ കണ്ടോ ഫ്രഷ്‌ ആയി ടി വി കാണുന്നതിനിടയില്‍ താങ്കളില്‍ സംഭവിക്കുന്നത്‌ സൈക്കൊനൈസിസ് ആണ്..അവിടെ താങ്കള്‍ തന്നെ ആണ് ചായ ഇടുന്നത് പക്ഷെ അത് മറ്റാരോ ചെയ്തതാണെന്ന് താങ്കള്‍ വിശ്വസിക്കാന്‍ ഇഷ്ട്ടപ്പെടുന്നു അതാണ്‌ സത്യം ! ഇത് പോലെ ആണ് ദേവ് പറഞ്ഞ ഓരോ കാര്യങ്ങളും ..ഉറങ്ങുന്നതിനു മുന്‍പ് എന്നും ദേവ് അടുത്ത മുറിയിലെ ഫാന്‍ ഓണ്‍ ചെയ്തു വയ്ക്കുമായിരുന്നു ! ഉപബോധ മനസ്സിന്റെ ആവശ്യങ്ങള്‍ ദേവിന്റെ ശരീരം ബോധ മനസ്സിനെ ഒളിപ്പിച്ചു ചെയിതിരുനു അത് മറ്റൊരാള്‍ ചെയ്യുന്നതാണെന്ന് സ്വയം വിശ്വസിപ്പികുക കൂടി ചെയ്തു എന്നതാണ് ഈ അവസ്ഥയുടെ പ്രതെയകത !!

പെട്ടെന്ന് തന്നെ ശബ്ദം തെല്ലുയര്‍ത്തി ഞാന്‍ ചോദിച്ചു .."പക്ഷെ എന്ത് കൊണ്ടാകും എനിക്ക് അങ്ങനെ തോന്നാന്‍ കരണം ? അപ്പോള്‍ അത് ബേലയുടെ ആത്മാവ് അല്ല എന്നാണോ ഡോക്ടര്‍ പറയുന്നത്?? ഞാന്‍ കേട്ടിരുന്ന ആ പൂച്ചക്കുട്ടിയുടെ കരച്ചിലോ അതിന്റെ മൂത്രത്തിന്റെ ദുര്‍ഗന്ധമോ? ഇതിലുമൊക്കെ അപ്പുറം എന്നെ ഡോക്ടറുടെ അടുത്തേക്ക് എത്തിച്ച ഫെബ്രുവരി 14  രാത്രി ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ !! ഇതൊക്കെ ഞാന്‍ തന്നെ ചെയ്തു എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത് ??"

സത്യനാഥ് ഒരു പുഞ്ചിരിയോടെ ദേവിന്റെ അടുത്ത് വന്നു തോളില്‍ കൈ വച്ചു.."കൂള്‍ ഡൌണ്‍ മാന്‍ ..ഞാന്‍ പറയാം..ആ ഒളിക്യാമറ താങ്കളുടെ അനുവാദം ഇല്ലാതെ ഞാന്‍ തന്നെയാണ് ആ  ഫ്ലാറ്റില്‍ കൊണ്ട് വച്ചത്. ആദ്യ തവണ ദേവ് ഇവിടെ വന്നു എന്നെ കണ്ടു പോയപ്പോള്‍ ഫ്ലാറ്റ് ചെക്ക്‌ ചെയ്യാനായി ഞാന്‍ താക്കോല്‍ വാങ്ങിയില്ലേ ? അപ്പോളാണ് അത് അവിടെ ഫിറ്റ്‌ ചെയ്തത് ..അതില്‍ തെളിഞ്ഞ ദ്രിശ്യങ്ങള്‍ കണ്ടപ്പോള്‍ ദേവിന് തന്നെ അതിശയം തോന്നുന്നില്ലേ ? അത് നിങ്ങള്‍ തന്നെ ചെയ്തോ എന്ന്...?? തോന്നുന്നില്ലേ ? അത് ശരിക്കും നിങ്ങള്‍ തന്നെ ചെയ്തതാണ് ദേവ്  ..ഫെബ്രുവരി 14  നു നടന്ന സംഭവങ്ങള്‍ക്ക് കുറച്ചു മുന്നേ അല്ലെ ദേവ് ആ ഫ്ലാറ്റിന്റെ ചരിത്രം അറിഞ്ഞത്  ?

"അതെ ഡോക്ടര്‍ അതിനു ഒരു ആഴ്ച മുന്നേ ആണ് അത് സംഭവിച്ചത് ..! അന്നായിരുന്നു ഞാന്‍ അരബിന്ദോ ചാറ്റര്‍ജിയെ കണ്ടത്  ..! അയാള്‍ പറഞ്ഞിട്ടാണ് അറിഞ്ഞത് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇസബെല്ല എന്ന ഒരു പെണ്‍കുട്ടി 666 നമ്പര്‍ ഫ്ലാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു..ദിവസവും ഒരു പൂച്ചകുട്ടിയെ തന്റെ ബാഗില്‍ എടുത്തു ആ സ്ട്രീറ്റില്‍ കൂടി വൈകുന്നേരം നടക്കുമായിരുന്ന സുന്ദരിയായ ഇസബെല്ല .!"

"അതെ അതാണ്‌ ദേവ് ..ഫെബ്രുവരി 14  വാലന്‍ന്റൈന്‍ ദിനം ഓഫീസിലും നാട്ടിലും ഉള്ള പ്രണയിതാക്കള്‍ ചുവന്ന പൂക്കള്‍ കൈമാറുന്നത് കണ്ട ദേവ് തനിക്കും അങ്ങനെ വേണം എന്ന് ആഗ്രഹിച്ചു. കൂടെ ജോലി ചെയ്യുന്ന റോയ് അന്ന് തന്റെ പ്രണയിനിയുമായി നടത്താന്‍ പോകുന്ന കേന്റില്‍ ലൈറ്റ് ഡിന്നര്‍നെ കുറിച്ച് പറഞ്ഞപ്പോള്‍ അത് കേട്ട താങ്കളും ആഗ്രഹിച്ചു അത് പോലെ വേണമെന്ന് ..ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങി ഫ്ലാറ്റില്‍ എത്തിയ ദേവ് മേശപ്പുറം ഒരുക്കി ഒരു മെഴുകുതിരി കത്തിച്ചു വച്ചു !.. വഴിയില്‍ നിന്നും വാങ്ങി കൊണ്ട് വന്ന വിഭവങ്ങളും ഒരു കുപ്പി വൈനും രണ്ടു വൈന്‍ ഗ്ലാസ്സുകളും എല്ലാം നിരത്തി വച്ച ശേഷം തിരികെ പോയി ...വൈകുന്നേരം വന്ന ദേവ്  സ്വയം വിശ്വസിച്ചു ഇതെല്ലം തന്റെ സ്വന്തം ബേല തനിക്കു വേണ്ടി തയ്യാറാക്കിയതാണെന്ന്  !! ഇതാ നിങ്ങള്‍ വാങ്ങിയ വൈന്‍ ഗ്ലാസ്സിന്റെയും ഒരു കുപ്പി വൈന്‍ന്റെയും ബില്ല് ഫ്ലാറ്റില്‍ നിന്നും എനിക്ക് കിട്ടിയതാണ് !

ബില്ല് വാങ്ങി നോക്കിയ എനിക്ക് കാര്യങ്ങള്‍  ഏറെക്കുറെ മനസ്സിലായി  ..! ശരിയാണ് ഓഫീസിനടുത്തുള്ള വൈന്‍ ഷോപ്പ് ആണ് അത് ഡോക്ടര്‍ പറയുന്നത് ശരിയാകും...! അന്ന് ആ  മെഴുകുതിരി കത്തി തീരാന്‍ ആയിരുന്നത് ശ്രദ്ധിച്ചിരുന്നു ഞാന്‍ !!

"അതിനു ശേഷം എന്ത് നടന്നു എന്ന് ദേവ് ഓര്‍ക്കുന്നില്ല അല്ലെ ? അടുത്ത ദിവസം രാവിലെ നോക്കുമ്പോള്‍ രണ്ടു പാത്രങ്ങളിലെയും ഭക്ഷണവും വൈനും തീര്‍ന്നിട്ടുമുണ്ട് !! ആരാണ് അത് തീര്‍ത്തതെന്ന് ഇനി ഞാന്‍ പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ അല്ലെ ?" ഒന്നുറക്ക ചിരിച്ചു കൊണ്ട് ഡോക്ടര്‍ ഒളികണ്ണിട്ടു എന്റെ നേരെ നോക്കി.

എന്ത് വികാരം ആണ് എന്റെ മനസ്സില്‍ വന്നത് എന്നറിയില്ല ..! ഒന്നും മിണ്ടാതെ ഞാന്‍ അദ്ധേഹത്തെ തന്നെ നോക്കി ഇരുന്നു ..!

"എന്റെ അടുത്ത് ദേവ് എത്തിയത് ഏറ്റവും അനുയോജ്യമായ സമയത്താണ്..കുറച്ചു കൂടി താമസിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ എന്റെ മുന്നില്‍ ഇത്ര ശാന്തനായി ദേവിന് ഇരിക്കാന്‍ കഴിയുമായിരുന്നില്ല !!" ഒന്ന് നിര്‍ത്തി അദ്ദേഹം തുടര്‍ന്നു "കുട്ടിക്കാലത്ത് തന്നെ ഒറ്റപ്പെട്ടതായിരുന്നു ദേവിന്റെ ജീവിതം ..കൂടാതെ അച്ഛനും അമ്മയും വിവിധ മതവിഭാഗത്തില്‍ നിന്നും പ്രണയിച്ചു വിവാഹം കഴിഞ്ഞവര്‍ ..ബന്ധുക്കള്‍ എന്ന് കരുതുന്നവരില്‍ നിന്നും അനുഭവിച്ചിരുന്ന മാനസികപീഡനങ്ങള്‍ ആക്ഷേപങ്ങള്‍ ഇതൊക്കെ ദേവിനെ കൊണ്ടെത്തിച്ചത് ഒരു തരം റിബല്‍ സ്വഭാവം ഉള്ള മനുഷ്യന്റെ മാനസികാവസ്ഥയിലേക്കാണ്..അവിടുന്ന് ദേവ് കണ്ടെത്തിയ മാര്‍ഗ്ഗം ആയിരുന്നിരിക്കാം എന്തിനെയും എതിര്‍ക്കുന്ന ചില പ്രതെയ്ക സ്വഭാവങ്ങള്‍ ഇടതുപക്ഷ ചായ്‌വും വിപ്ലവചിന്തകളും ഒക്കെ അതിന്റെ തന്നെ പ്രതിഭലനം ആയിരിക്കും പക്ഷെ ജീവിതം കയ്യില്‍ ഒതുക്കാന്‍ തന്റെ വിശ്വാസങ്ങളെ മുഴുവന്‍ ഒരു കുത്തക മുതലാളിക്ക് പണയം വച്ചു എന്ന കുറ്റബോധം , ആദ്യമായി ഒറ്റപ്പെട്ടു ജീവിക്കുന്നതിന്റെ വിഷമം ഇതൊക്കെ ആണ് തന്റെ കൂടെ തന്നെ മനസ്സിലാക്കുന്ന ഇഷ്ട്ടപ്പെടുന്ന ആരോ ഉണ്ടെന്നും അവര്‍ താങ്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു എന്നും തോന്നിച്ചത് ..! അവിടെ ഇസബെല്ല എന്ന പൂച്ചക്കുട്ടികളെ സ്നേഹിച്ചിരുന്ന ഒരു പെണ്‍കുട്ടി മരിച്ചിട്ടുണ്ടെന്നും അത് കൊണ്ട് ആരും എടുക്കാതിരുന്ന ആ ഫ്ലാറ്റ്  തനിക്കു തന്ന അതിന്റെ ഉടമ വാടക കുറച്ചതെന്നും വാച്ച്മാന്‍ ഒഴിഞ്ഞു മാറുന്നതെന്നും ദേവ് അറിഞ്ഞപ്പോള്‍ അത് തന്റെ സ്വന്തം ബേല എന്ന് കരുതി അവളെ സ്നേഹിക്കാന്‍ തുടങ്ങി ..അതാണ്‌ ശരിക്കും ഈ കാര്യത്തില്‍ സംഭവിച്ചത് ..ഇതൊരു മാനസിക രോഗമേ അല്ല ..മനസ്സിന്റെ ഇപ്പോഴും പൂര്‍ണമായി പിടി കിട്ടാത്ത ചില അവസ്ഥകള്‍ ആണ് ..!"

എന്റെ മുഖത്തെ തെളിച്ചം ശ്രദ്ധിച്ച ഡോക്ടര്‍ പറഞ്ഞു.." രേസോനന്‍സ് എന്ന ഒരു പ്രതിഭാസം ഉണ്ട് നമ്മുടെ അതെ രീതിയില്‍ ചിന്തിക്കുന്ന ചിലരുടെ മനസ് നമുക്ക് വേഗം വായിച്ചു എടുക്കാന്‍ സാധിക്കും ..അത് പോലെ ശരീരം മരിച്ചാലും ഒരേ രീതിയില്‍ ചിന്തിച്ചിരുന്ന മനസ്സുകള്‍ ആണെങ്കില്‍ അവര്‍ ജീവിച്ചിരുന്ന സ്ഥലത്ത് ഒരു സൈക്കിക് ഫീല്‍ഡ് ഉണ്ടാകും അതിന്റെ വലയത്തില്‍ പെടുമ്പോള്‍ അറിയാതെ നമുടെ മനസ്സും അതിന്റെ വഴിക്ക് സഞ്ചരിച്ചു തുടങ്ങും ..അത് കൊണ്ട് ദേവ് ആദ്യം ചെയ്യേണ്ടത് ആ ഫ്ലാറ്റ് മാറുക എന്നതാണ് ..അതോടെ താങ്കളുടെ മനസ്സിന്റെ ഈ ഒളിച്ചു കളി മാറുകയും ചെയ്യും !!

ക്ലിനിക്കില്‍ നിന്നും വളരെ സന്തോഷത്തോടെ ആണ് ഞാന്‍ പുറത്തിറങ്ങിയത് ..ആദ്യം തോന്നിയത് ഒന്നുറക്കെ ചിരിക്കാനായിരുന്നു..ഒരു വല്ലാത്ത മാനസികാവസ്ഥയില്‍ ആണ് ഞാന്‍ ഡോക്ടറുടെ അടുത്തെത്തിയത് ..മനസ്സിന്റെ ഉറപ്പു പൂര്‍ണമായും നഷ്ട്ടപെടാതെ ഇരുന്നത് കൊണ്ടാകും ഒരു ഡോക്ടറെ കാണണം എന്ന് തോന്നിയത് .. ഡോക്ടര്‍ പറഞ്ഞതൊക്കെ ശരിയാണ്..ആരോടൊക്കെയോ തോന്നിയ പകയുടെയും ചോരത്തിളപ്പിന്റെയും  വഴിയില്‍ നിന്നും മാറി ശാന്തതയുടെയും അതിജീവനത്തിന്റെയും വഴി  സ്വീകരിച്ചപ്പോള്‍ ഞാന്‍ അറിയാതെ എന്റെ മനസ്സ് കളിച്ച ഒരു ഒളിച്ചു കളി തന്നെയാണ് അത് ..!! തിരികെ ഫ്ലാറ്റില്‍ എത്തിയ ഞാന്‍ ശ്രദ്ധിച്ചു ശരിയാണ് എനിക്ക് വേണ്ടി കോഫീ തിളപ്പിക്കാന്‍ ആരും ഇല്ല...രാത്രി പൂച്ചക്കുട്ടിയുടെ കരച്ചിലും ഇല്ല...ആ മുറിയിലെ ഫാനും കറങ്ങിയില്ല ..അതിശയം തന്നെയാണ് മനസ്സിന്റെ കളികള്‍ ..!!

സുഖമായി ആണ് ഞാന്‍ അന്നുറങ്ങിയത് ..! പക്ഷെ അടുത്ത ദിവസം തന്നെ ഡോക്ടര്‍ പറഞ്ഞത് പോലെ  ആ ഫ്ലാറ്റ് ഞാന്‍ വിട്ടു കുറച്ചു ദൂരെ ഒരു ഫ്ലാറ്റിലേക്ക് താമസം മാറി .. ആള്‍ തിരക്കുള്ള സ്ഥലം പഴയ സ്ഥലത്തെ ശാന്തത ഇല്ലെങ്കില്ലും ഇവിടം കൊള്ളാം..ഈ സ്ഥലം ശരിയാക്കി തന്നത് സത്യനാഥ് ഡോക്ടര്‍ ആണ് ..എത്ര വലിയ വിപത്തില്‍ നിന്നാണ് അദ്ദേഹം എന്നെ രക്ഷിച്ചത്‌ !!

*                       *                            *                            *                       *                            

പുസ്തകം നെഞ്ചില്‍ വച്ച് ചാര് കസേരയില്‍ ഉറങ്ങി കിടന്ന ഞാന്‍ ഉണര്‍ന്നത് ഒരു പൂച്ചക്കുട്ടിയുടെ കരച്ചില്‍ കേട്ടാണ് ..!! ഞെട്ടലോടെ അതിലേറെ ഹൃദയമിടിപ്പോടെ ഞാന്‍ നോക്കിയപ്പോള്‍ അടുത്തിരുന്ന കോഫീ ടേബിളില്‍ ചൂടുള്ള ഒരു കോഫീ തയ്യാറായിരുന്നു അതില്‍ നിന്നും ആവി പറക്കുന്നുണ്ടായിരുന്നു !!!


****************************************************************************

അപൂര്‍ണ്ണമായ തിരക്കഥ


വിതറി വലിച്ചിട്ടിരിക്കുന്ന വെള്ളക്കടലാസ്സുകളുടെ ഇടയില്‍ ഒരു പേനയും പിടിച്ചു ഞാന്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് നേരം ഒരുപാട് ആയി..! ഡെവിട്സ് ഏര്‍ളി ക്യുബന്‍ ചുരുട്ട് ആഷ് ട്രെയില്‍ ഇരുന്നു
പുകയുന്നുണ്ട്..പുറത്തു ആഘോഷങ്ങള്‍ തീര്‍ന്നിട്ടില്ല ജനങ്ങള്‍ ആഹ്ലാദത്തിമിര്‍പ്പിലാണ് .കളിപ്പാട്ടങ്ങളെ പോലെ കിട്ടിയ യന്ത്രതോക്കുകള്‍ ആകാശത്തേക്ക് ഉയര്‍ത്തി അതില്‍ അവശേഷിക്കുന്ന വെടി ഉണ്ടകള്‍ പൊട്ടിച്ചു തീര്‍ത്തുകൊണ്ടാണ് അവരുടെ സന്തോഷപ്രകടനം ! പകയുടെയും പ്രതികാരത്തിന്റെയും രക്തക്കറ പുരളാത്ത ലിബിയന്‍ പുലരികള്‍ സ്വപ്നം കണ്ടാണ്‌ ഈ സന്തോഷം.ജനാധിപത്യത്തിന്റെ വസന്തം വിടരുന്ന ജനങ്ങളാല്‍ ജനങ്ങളെ ഭരിക്കുന്ന സ്വതന്ത്ര ലിബിയ...!
ബെങ്കാളികളും ഇന്ത്യക്കാരും രഹസ്യമായി വാറ്റി സെക്കണ്ട്സ് എന്ന ഓമനപ്പേരില്‍ വില്‍ക്കുന്ന നാടന്‍ വാറ്റുചാരായം പകുതിയോളം ബാക്കി ഉണ്ട്..! ഭാഗ്യം ഈ നാട് പുകയുമ്പോഴും അവര്‍ ഇവിടെ വിട്ടു പോയില്ല... സ്വന്തം നിഴലിനെ പോലും പേടിച്ചു കഴിയുന്ന ഈ നാട്ടുകാര്‍ക്ക് ഇപ്പോള്‍ കുറച്ചെങ്കിലും ആശ്വാസമാണ് ഈന്തപ്പഴമിട്ടു വാറ്റുന്ന ഈ സെക്കണ്ട്സ് മദ്യം.! ലിബിയന്‍ സര്‍ക്കാര്‍ ശക്തമായി നിരോധിച്ചിരുന്ന ഈ ലഹരി ഇനിമുതല്‍ ഈ നാട്ടില്‍ സുലഭാമാകും ഇതും വ്യക്തി സ്വാതന്ത്ര്യത്തില്‍ പെടുന്നതാണല്ലോ..!
"എന്താണ് എഴുതുക ..? എവിടെയാണ് തുടങ്ങുക ? ഒരു തുടക്കം കിട്ടാന്‍ കുറെ നേരമായി  തപ്പിത്തടയാന്‍ തുടങ്ങീട്ട് ..പുറത്ത് ആളുകള്‍ ആഘോഷിക്കുന്ന വിജയം നേടിയവരില്‍ ഞാനുമുണ്ട്.ഇന്നത്തെ ആഘോഷം ഈ സെക്കണ്ട്സ് മദ്യത്തിലും പിന്നെ ഇതുവരെയുള്ള എന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിലുമായി ഒതുക്കാനാണ് ഞാന്‍ തീരുമാനിച്ചത്..ആ തിരിഞ്ഞു നോട്ടം ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്ന പോലെ ഒരു തിരക്കഥാ രൂപത്തില്‍ എഴുതണമെന്നും തീരുമാനിച്ചു..! തിരക്കഥയുടെ സാങ്കേതികത എന്നില്‍ എത്ര മാത്രം ഉണ്ട് എന്ന് നിശ്ചയമില്ല ..എന്നാലും എഴുതണം ഇതെന്റെ ആഗ്രഹമാണ് അതില്‍ കവിഞ്ഞു ഇതുകൊണ്ട് മറ്റൊന്നും ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

വിദേശവിദ്യാഭ്യാസം എന്റെ ഞെരമ്പുകളില്‍ കടത്തി വിട്ട പല ലഹരികളില്‍ ഒന്നാണ് സിനിമ.! ലോകക്ലാസ്സിക്കുകള്‍ കാണുമ്പോള്‍ , മാജിദ് മജീദിയെപ്പോലെ ഭരണകൂടത്തിന്റെ എതിര്‍പ്പ് വക വയ്ക്കാതെ മനോഹര സിനിമകള്‍ ഈ ലോകത്തിനു വേണ്ടി സൃഷ്ട്ടികുന്നവരെ കുറിച്ചോര്‍ക്കുമ്പോള്‍ എന്നെങ്കിലും എന്റെ നാടിനു വേണ്ടി തനിക്കും ഒരു മികച്ച സിനിമ ലോകത്തിലേക്ക്‌ സംഭാവന ചെയ്യണം എന്ന് സ്വപനം കണ്ട രാത്രികള്‍ ഒരുപാടുണ്ട് . ചിലപ്പോള്‍ ഇനി അത് സാധിച്ചേക്കും ..!
*                  **                  **                  **                **                             

സീന്‍ : 1 ലോങ്ങ്‌ ഷോട്ട് : ദീര്‍ഖ ദൂരം മരുഭൂമിയിലെ നടത്തം അവശേഷിഷിപ്പിച്ച ക്ഷീണവും തിളയ്ക്കുന്ന കാറ്റില്‍ പൊടിമണ്ണ് പറ്റി പാറിപറന്ന മുടിയും മുഖവുമായി മുഷിഞ്ഞ വേഷം ധരിച്ചു പ്രായമുള്ള ഒരാളും കൂടെ ഒരു കുട്ടിയും നടന്നു വരുന്നു.അയാള്‍ തന്റെ കൈസഞ്ചിയിലെ തുകല്‍ കോപ്പയില്‍ കരുതിയ വെള്ളം ഒരു കവിള്‍ കുടിച്ച ശേഷം കുട്ടിക്കും കൊടുത്തു ചുട്ടുപഴുത്ത മണലില്‍ രണ്ടുപേരും കുത്തിയിരുന്നു.
ക്ലോസ് ഷോട്ട് : കണ്ണുകള്‍ക്ക്‌ മേലെ കൈ വച്ച് കൊണ്ട് ആ മനുഷ്യന്‍ ദൂരേക്ക് നോക്കുന്നുണ്ട്..കയ്യിലുള്ള ദിക്കുനോക്കി വച്ച് സ്ഥാനം മനസിലായത് പോലെ അടുത്തിരുന്ന കുട്ടിയെ ഒന്ന് നോക്കുന്നു.. "അബ്ബാ ട്രിപ്പോളി എത്താന്‍ ഇനി എത്ര ദൂരമുണ്ട് ?" "വളരെ കുറച്ചു മൈലുകള്‍ കൂടിയേ ഉള്ളു രിഹാന്‍..നമ്മള്‍ ലക്‌ഷ്യം അടുക്കുന്നു ,തളര്‍ന്നു പോകരുത്  "..കുട്ടിയുടെ നെറ്റിയില്‍ തടവി കൊണ്ട് അയാള്‍ പറഞ്ഞു.
ലോങ്ങ്‌ ഷോട്ട് :മരുഭൂമിയിലെ പഴുത്തമണ്ണില്‍ ആഴ്ന്നിറങ്ങുന്ന കാലുകള്‍ വലിച്ചു വച്ച് അവര്‍ ഒരു ദിക്ക് ലക്ഷ്യമാക്കി നടന്നു നീങ്ങി .
*                  **                  **                  **                                               

ഇല്ല ! ഇത് ശരിയാകുന്നില്ല ,, തല്ക്കാലം ഒരു ഔട്ട്‌ ലൈന്‍ പോലെ എഴുതാം ..അതിനു ശേഷം ഷോട്ടൊക്കെ ഫിക്സ് ചെയ്യാം.എഴുതുന്നത്‌ സ്വന്തം ജീവിതമാകുമ്പോള്‍  ക്യാമറയുടെ കണ്ണുകള്‍ എവിടെ വേണം എന്ന് നിശ്ചയിക്കാന്‍ കഴിയുന്നില്ല..! ഹോ പുറത്ത് എന്തൊരു ബഹളമാണ് ? ജനങ്ങള്‍ ആടിത്തിമിര്‍ക്കുകയാണ് ..! അവര്‍ ആഘോഷിക്കട്ടെ..അവരുടെ വിജയം,അവരുടെ സ്വാതന്ത്ര്യം,അവരുടെ വിലപ്പെട്ടവരുടെ ജീവന്റെ കണക്കു തീര്‍ക്കല്‍ ..!!

*                  **                  **                  **            **                                 

സീന്‍ - 2 
ചെറുതെങ്കിലും മനോഹരമായ ഒരു വീടിന്റെ മുറ്റത്ത്‌ ഓടിക്കളിക്കുന്ന രിഹാനും അവന്റെ പെങ്ങന്മാരും.മുന്‍വശത്തെ ഗേറ്റ് തുറന്നു വരുന്ന പിതാവിനെ കണ്ടു കളി നിര്‍ത്തി രിഹാന്‍ അങ്ങോട്ടേക്ക് ഓടി.
"അബ്ബാ ഇത് നമ്മുടെ വീടാണോ ? ജനിച്ചു വളര്‍ന്ന ഗ്രാമത്തില്‍ പോലും നമ്മുടെ സ്വന്തം വീട് ഇത്ര മനോഹരമായിരുന്നില്ലല്ലോ ? " കൊച്ചു രിഹാന്‍ അത്ഭുതത്തോടെ തന്റെ പിതാവിനെ നോക്കി.
"രിഹാന്‍ ..ഇത് നിന്റെ വീടാണ്...നിനക്കറിയില്ലേ മോനെ ഇദ്രിസ് രാജാവല്ല ഈ നാടിപ്പോള്‍ ഭരിക്കുന്നത്‌...പോരാളിയായ വീരനായ കരുത്തനും കാരുണ്യവാനുമായ മുഅമ്മര്‍ ഗദ്ദാഫിയാണ്.ലിബിയയിലെ ഓരോ പൌരനും സ്വന്തം വീട് കിട്ടിയതിനു ശേഷമേ തനിക്കു  ഒരു വീട് ഉണ്ടാകു എന്ന് പ്രഖ്യാപിച്ച മഹാനായ മുഅമ്മര്‍....ആ കാരുണ്യം തന്ന സമ്മാനമാണ് നമ്മുക്ക് ഈ വീട് " ഓടി വന്ന രിഹാനെ രണ്ടു കൈകളില്‍ എടുത്തുയര്‍ത്തി അവന്റെ നെറ്റിയില്‍ ഒരുമ്മ കൊടുത്തു കൊണ്ട് അയാള്‍ പറഞ്ഞു .
*                  **                  **                  **                                         

സീന്‍ - 3 മണല്‍ക്കാറ്റ്  ഉയര്‍ത്തി വിട്ട പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷം,സ്കൂള്‍ വിട്ടു ആളൊഴിഞ്ഞ ഒരു ഗല്ലിയില്‍ കൂടി കൂട്ടുകാരോടൊപ്പം നടന്നു വരുന്ന രിഹാന്‍.

പെട്ടെന്ന് അവിടെ കുറെ പട്ടാളവണ്ടികള്‍ എത്തുന്നു..അതില്‍ നിന്നും ഒരു സംഘം പട്ടാളക്കാര്‍ തോക്കുകളുമായി ഇറങ്ങി നിരന്നു. മുറ്റം നിറയെ ബോഗെന്‍ വില്ല പൂക്കള്‍ വളര്‍ന്നു നില്‍ക്കുന്ന പിങ്ക് കളര്‍ പെയിന്റ് അടിച്ച പഴയ ഒരു വീടാണ് അവരുടെ ലക്‌ഷ്യം.രിഹാനെയും  കൂടെയുള്ളവരെയും ഒരു പട്ടാളക്കാരന്‍ അടുത്ത ഒരു വീടിന്റെ ഗേറ്റ് തുറന്നു അകത്തേക്ക് മാറ്റി നിറുത്തി.
നിമിഷങ്ങള്‍ കൊണ്ട് ആ വീട് വളഞ്ഞ പട്ടാളക്കാര്‍ വാതില്‍ വെടി വച്ച് തകര്‍ത്തു അകത്തേക്ക് കയറി..അവിടുന്ന് രണ്ടു യുവാക്കളെ വലിച്ചു തൂക്കി എടുത്തു പുറത്തേയ്ക്ക് എറിഞ്ഞു..തോക്കിന്റെ ബാരല്‍ കൊണ്ട് അവരുടെ പുറത്തു ഇടിക്കുന്നുണ്ട്‌..! കൈകള്‍ ബന്ധിച്ച രീതിയില്‍ മുട്ടില്‍ ഇരുന്ന ആ ചെറുപ്പക്കാരുടെ ചുറ്റും പട്ടാളക്കാര്‍ തോക്കുകളുമായി വളഞ്ഞു നിന്നു.! വീടിനകത്ത് നിന്നും സ്ത്രീകളുടെ നിലവിളിയും കരച്ചിലും കേള്‍ക്കുന്നുണ്ട്..! രണ്ടു യുവാക്കളെയും വണ്ടിയില്‍ കയറ്റി ആ പട്ടാള സംഘം അവിടുന്നു നീങ്ങി.
പേടിച്ചരണ്ട രിഹാനും കൂട്ടുകാരും അവിടുന്ന് ഓടി മറയുന്നു.
*                  **                  **                  **                  **    
              
സീന്‍ - 4
നഗരത്തിലെ സുപ്രധാനമായ മാര്‍ക്കറ്റ്‌  വെള്ളിയാഴ്ച ആയതിനാല്‍ ഒരുപാട് ആളുകളുണ്ട് അവിടെ.മാര്‍ക്കറ്റ്നു ചേര്‍ന്ന മൈതാനത്തിന്റെ നടുക്ക് ഒരു ഇരുമ്പ് കൂട്ടില്‍ മൃതപ്രായരായ രണ്ടു യുവാക്കളുടെ ശരീരങ്ങള്‍..കൂടെ രണ്ടു കഴുകന്മാരും..ഇരുമ്പഴികള്‍ക്കുള്ളില്‍ ആ കഴുകന്മാര്‍ യുവാക്കളെ കൊത്തി വലിക്കുന്നുണ്ട്..ഓരോ കൊത്തിനും മരിക്കാത്ത ആ ശരീരങ്ങളില്‍ നിന്നും പ്രാവിന്റെ കുറുകല്‍ പോലെ ഒരു ശബ്ദം ഉയരുന്നുണ്ട്.കണ്ണും മൂക്കും ചെവികളും ആ കഴുകന്മാര്‍ അപ്പോള്‍ തന്നെ അകത്താക്കിയിരുന്നു..ഉള്ളതില്‍ വലുപ്പമുള്ള  കഴുകന്‍ ഒരാളുടെ വയറു കൊത്തി പറിച്ചു അതിനുള്ളില്‍ നിന്നും വന്‍കുടലും ചെറുകുടലും വലിച്ചു പുറത്തേക്കിട്ടു തിന്നുകയാണ്..! നീണ്ടു വളഞ്ഞ കൊക്കുകളില്‍ ചോരയും മാംസക്കട്ടകളുമായി ഭീകരരൂപികളായ ആ പക്ഷികള്‍ ആര്‍ത്തിയോടെ വീണ്ടും ആഞ്ഞു കൊത്തുന്നു !

അവിടെ കൂടി നില്‍ക്കുന്ന പലരുടെയും കൈകളില്‍ പട്ടാളത്തിന്റെ മുദ്രയുള്ള ലഖുലേഖയുണ്ട് .!
"നാളെ നിങ്ങളില്‍ ഒരാളാകരുത് ഈ ഇരുമ്പഴിക്കുള്ളില്‍.ഈ രാജ്യത്തിന്റെ പരമാധികാരം മഹാനായ മുഅമ്മര്‍ ഗദ്ദാഫിയുടെ കൈകളില്‍ മാത്രമാണ്..നിങ്ങളില്‍ ആര്‍ക്കും ആ വാക്കുകളെ എതിര്‍ക്കാനോ അദ്ധേഹത്തിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനോ അവകാശമോ അധികാരമോ ഇല്ല..മുഅമ്മര്‍ ഒരിക്കലും തെറ്റുകള്‍ ചെയ്യില്ല അഥവാ ചെയ്താലും അതില്‍ ഒരു ശരി കണ്ടെത്തുക എന്നതിലുപരി അത് തെറ്റ് ആണെന്ന് പറഞ്ഞു പ്രചരിപ്പിച്ചതാണ് ഈ രണ്ടുപേര്‍ ചെയ്ത തെറ്റ്..രാജ്യ ദ്രോഹികളായ ഇവര്‍ക്ക് ഇതിനപ്പുറം ഒരു ശിക്ഷ വിധിക്കാനില്ല...ലിബിയ വിജയിക്കട്ടെ , മുഅമ്മര്‍ വാഴട്ടെ"
അവിടുന്ന് ഓരോരുത്തരായി പിരിഞ്ഞു പോയി..ഇരുമ്പ്കൂടും കഴുകന്മാരും രണ്ടു ചെറുപ്പക്കാരുടെ പാതി ജീവന്‍ തൊണ്ടയില്‍ തടഞ്ഞ കുറുകലും മാത്രം ബാക്കിയായി.


*                  **                  **                  **                  **             


സീന്‍ - 5

ലിബിയന്‍ യൂണിവേഴ്സിറ്റി കാന്റീന്‍നു പുറകിലുള്ള ഒഴിഞ്ഞ മൂലയില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഒരു ചര്‍ച്ചയിലാണ് കൂട്ടത്തില്‍ രിഹാനും അവനോടൊപ്പം ആത്മസുഹുര്‍ത്ത് അമദു അല്‍ അബ്ഗാരിയും ഉണ്ട്.

"അമദു ..എന്തൊക്കെയാണ് പറയുന്നതെന്ന് വ്യക്തമായി മനസ്സിലാക്കിയിട്ടാണോ നിന്റെ ഈ പ്രസംഗം ? ഇതൊരു ഏകാധിപതി ഭരിക്കുന്ന രാജ്യമാണ് അദ്ദേഹം നിര്‍മിച്ചതാണ് പച്ച പുസ്തകം എന്നറിയപ്പെടുന്ന ഇവിടുത്തെ നിയമ സംഹിത അതില്‍ അനുവദിച്ചിട്ടുള്ള സ്വാതന്ത്യം മാത്രമാണ് നമുക്കുള്ളത് .! ചോദ്യം ചെയ്യാനോ അതിനപ്പുറം ആഗ്രഹിക്കാനോ എനിക്കും നിനക്കും ഇവിടെ ജീവിക്കുന്ന ആര്‍ക്കും അവകാശമില്ല..ഇപ്പോള്‍ ഇവിടെ നീ പറയുന്ന കാര്യങ്ങള്‍ ദേശദ്രോഹത്തില്‍ പെടുന്നതാണ്..അത് കൊണ്ട് നമ്മുക്ക് ഇതിവിടെ നിര്‍ത്താം അതാണ്‌ നല്ലത് ..! " ശബ്ദം പരമാവധി താഴ്ത്തി പതിഞ്ഞ സ്വരത്തില്‍ രിഹന്‍ പറഞ്ഞു.

"ഒരിക്കലും ഇല്ല രിഹാന്‍ ..ഞാന്‍ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യമാണ്..മനുഷ്യന്‍ എന്ന നിലയില്‍ ജീവിക്കാനുള്ള സ്വാത്രന്ത്ര്യം. ഈ ഭൂമിയില്‍ ജനിച്ചു വീണപ്പോള്‍ ആരൊക്കെയോ എന്റെ മേല്‍ അടിച്ചേല്പിക്കപ്പെട്ട ഒരു മതത്തിന്റെ ചട്ടക്കൂടിലും , സര്‍ക്കസ് കൂടാരത്തിലെ മൃഗങ്ങളെ പോലെ ജനങ്ങളെ മെരുക്കി ഭരിക്കുന്ന നൊസ്സ് പിടിച്ച ഒരു ഭരണാധികാരിക്കും തീറെഴുതി കൊടുക്കാനുള്ളതല്ല എന്റെ സ്വാതന്ത്ര്യം.. അതെന്റെ അവകാശമാണ്..എന്നെ പോലെ ഈ ലോകത്തേക്ക് വന്ന നിന്റെ അവകാശമാണ് ഇവിടെ കൂടിയിരിക്കുന്ന ഓരോരുത്തരുടെയും അവകാശമാണ്..! എന്തിന്റെ പേരിലായാലും അത് വേണ്ട എന്ന് വച്ച് ആരെയെങ്കിലുമൊക്കെ പേടിച്ചു ഭീരുവായി ജീവിക്കാന്‍ ഞാനില്ല.നിങ്ങളില്‍ ആര്‍ക്കെങ്കിലും ഞാന്‍ പറഞ്ഞത് അതിന്റെ അര്‍ത്ഥത്തില്‍ മനസ്സിലായെങ്കില്‍ അവര്‍ക്ക് എന്റെ ഒപ്പം നില്‍ക്കാം ..! നമ്മുടെ രാജ്യം ജനാധിപത്യത്തിന്റെ സൌന്ദര്യവും നമ്മള്‍ ഓരോരുത്തരും സ്വാതന്ത്ര്യത്തിന്റെ സുഗന്ധവും അനുഭവിക്കുന്നതും കാണാം.." അമദു ആവേശംപൂണ്ടു ശബ്ദം ഉയര്‍ത്തുകയാണ് .!

രിഹാന്‍ ചുറ്റുപാടും ഭീതിയോടെ ഒന്നുനോക്കി ..കൂടെ ഉണ്ടായിരുന്നവര്‍ അമദുവിനെ തന്നെ ശ്രദ്ധിച്ചിരിക്കുകയാണ് ..!
*                  **                  **                  **                                         

അടുത്ത സീന്‍ എഴുതാന്‍ എനിക്ക് മദ്യം ഇല്ലാതെ പറ്റില്ല..അത് എഴുതാന്‍ കഴിയുമെന്നു എനിക്ക് ഉറപ്പുമില്ല..ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിഷമം അനുഭവിച്ച ആ നശിച്ച ദിവസങ്ങള്‍ എങ്ങനെയാണു എഴുതുക ?..മദ്യം വെള്ളം ഒഴിക്കാതെ ഒന്നോടെ ഉള്ളിലേക്ക് കമിഴ്ത്തുമ്പോള്‍ ഇറങ്ങുന്ന ഭാഗമൊക്കെ തീക്കനല്‍ കോരി ഇടുന്ന പോലെ..തനിക്കു വേണം ഈ ചൂട് .അതെ എന്റെ ഉള്ളിലെ അണയ്ക്കാന്‍ കഴിയാത്ത തീ ഈ ചൂടില്‍ വീണ്ടും ആളിക്കത്തട്ടെ !  
*                  **                  **                  **          **                                   

സീന്‍ - 6

യൂണിവേഴ്സിറ്റി ലൈബ്രറി യുടെ മുന്നില്‍ കൂടി നില്‍ക്കുന്ന പേടിച്ചരണ്ട മുഖങ്ങള്‍..പലരും വിറയ്ക്കുന്നുണ്ട്..! വളരെ പ്രയാസപ്പെട്ടു ഉന്തി തള്ളി രിഹാന്‍ ആ കൂട്ടത്തിനു മുന്നിലേക്ക്‌ എത്തി.അങ്ങോട്ട്‌ ഒന്നേ നോക്കിയുള്ളൂ  അവന്‍ അവിടെ തന്നെ കുഴഞ്ഞു വീണു.
ഉയരമുള്ള ലൈബ്രറി ഹാളിന്റെ ഉത്തരത്തില്‍ തൂങ്ങി ആടുന്ന അമദുവിന്റെ ചേതനയറ്റ ശരീരം ..!! വല്ലാണ്ട് വികൃതമാക്കിയിരുന്നു ആ ശവശരീരം..! മനോഹരമായിരുന്ന അവന്റെ കണ്ണുകളുണ്ടായിരുന്നിടത് ചോര കട്ടപിടിച്ച രണ്ടു കുഴികള്‍.!നാവു മുറിച്ചു കളഞ്ഞത് പോലെ വായില്‍ നിന്നും ചോര പുറത്തേക്ക ഒഴുകി ഉണങ്ങിപ്പിടിച്ചിരുന്നു.! കയ്യും കാലും ചോരക്കട്ടകളായി !പക്ഷെ എപ്പോഴുമെന്നപോലെ ഒരു പോരാളിയുടെ ഭാവത്തില്‍ ആ വലതു മുഷ്ട്ടി അവന്‍ ചുരുട്ടി തന്നെ പിടിച്ചിരുന്നു..
അടുത്ത ഏഴു ദിവസം ആ ശരീരം അവിടെ തൂങ്ങിക്കിടന്നു ..! ദേശദ്രോഹിക്കു ഭരണകൂടം നല്‍കിയ ശിക്ഷ മറ്റുള്ളവരെ കൂടി അറിയിക്കണമല്ലോ ? ഇനി ഇത് പോലെ ഒരാള്‍ ഭരണകൂടത്തിനു നേരെ നാവുയര്‍ത്തരുത് എന്നതിന്റെ മുന്നറിയിപ്പ് !!
*                  **                  **                  **                                         

സീന്‍ - 7

ലണ്ടനിലെ പ്രസിദ്ധമായ സണ്‍സ്ട്രിപ് ബാര്‍ . കൌണ്ടര്‍ലെ ഉയര്‍ന്ന കസേരയില്‍ കയ്യില്‍ ഒരു ഗ്ലാസ്‌ മെക്സികന്‍ റമ്മുമായി രിഹാന്‍ കൂടെ ജര്‍മന്‍ സുന്ദരി ഇസാനയും. ഡാന്‍സ് ഫ്ലോറില്‍ സ്ട്രിപ് നര്‍ത്തകിയുടെ അഭ്യാസങ്ങള്‍ കണ്ടിരിക്കെ രിഹാന്‍ തന്റെ കാമുകിയുടെ ചുണ്ടുകളില്‍ ചുംബിക്കുന്നു..വസ്ത്രം ഓരോന്നായി അഴിചെറിഞ്ഞ ഡാന്‍സര്‍ രിഹാനെ തന്നോടൊപ്പം ഡാന്‍സ് ചെയ്യാന്‍ ക്ഷണിക്കുന്നു...!
ബാറിലെ ചുവന്ന ബള്‍ബുകള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്ന സിഗരറ്റ് പുകയും കാതടപ്പിക്കുന്ന സംഗീതവും പേരിനു ഒരു നൂല്‍വസ്ത്രം മാത്രം ധരിച്ച ആ നര്‍ത്തകിയും അവിടെ കൂടിയിരുന്നവരില്‍ നിറച്ചത് കാമത്തിന്റെയും ലഹരിയുടെയും കൂട്ടികുഴച്ച അനുഭൂതി.
നെഞ്ചില്‍ പറ്റി ചേര്‍ന്ന് ഉറങ്ങുന്ന ഇസാനയെയും ബാര്‍ നര്‍ത്തകിയെയും ഉണര്‍ത്താതെ ഒരു സിഗരെട്ടിനു തീ പകരുമ്പോള്‍ രിഹാന്‍ മനസ്സില്‍ പറഞ്ഞു ..ഇതാണ് ജീവിതം ..സുഖഭോഗങ്ങള്‍ നിറഞ്ഞ ഈ ജീവിതം എവിടെ എന്റെ നശിച്ച നാട്ടിലെ അടിച്ചമര്‍ത്തപ്പെട്ട വികാരവുമായി പേടിച്ചു ജീവിക്കുന്ന ജീവിതം എവിടെ?
*                  **                  **                **                                            

അമദു, എന്റെ പ്രിയപ്പെട്ട സുഹുര്‍ത്ത്..കേവലം സുഹുര്‍ത്ത് എന്നാ വക്കില്‍ ഒതുക്കാന്‍ ഞാന്‍  ആഗ്രഹിക്കുന്നില്ല അതിലധികം ആരൊക്കെയോ ആണവന്‍ .ഓര്‍മ്മ വച്ച കാലം മുതല്‍ ഞങ്ങള്‍ പഠിച്ചതും കളിച്ചതും വളര്‍ന്നതും ഒരുമിച്ച് ..എന്ത് കാര്യത്തിനും സ്വതന്ത്രമായ ഒരു അഭിപ്രായം അവനുണ്ടായിരുന്നു.പലപ്പോഴും അവന്റെ വാക്കുകള്‍ കേട്ടിരിക്കുമ്പോള്‍ അതിശയം തോന്നിയിട്ടുണ്ട്...വായന പ്രിയപ്പെട്ട വിനോദം ആയതു കൊണ്ടാകാം അവനില്‍ ഒരു തത്വഞാനിയെ അല്ലെങ്കില്‍ ഒരു വിപ്ലവകാരിയെ കാണാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് .അവനു ഒരുപാട് ഇഷ്ടമായിരുന്നു ആര്‍ഷിയയെ.ആരും കാണാതെ അവള്‍ക്കു കൈമാറാന്‍ സൂക്ഷിച്ചിരിക്കുന്ന പ്രണയലേഖനങ്ങള്‍ പോലും അവന്‍ ആദ്യം വായിച്ചു കേള്‍പ്പിചിരുന്നത് എന്നെയായിരുന്നു.അമദു എന്റെ മനസ്സാണോ അതോ ഞാന്‍ അവന്റെ മനസ്സാണോ എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്..എന്തായാലും ഞങ്ങള്‍ പരസ്പരം അറിയാത്ത ഒന്നും ജീവിതത്തില്‍ ഉണ്ടായിരുന്നില്ല..!
എന്തായിരുന്നു എന്റെ അമദു ചെയ്ത തെറ്റ് ? സ്വാതന്ത്ര്യം ആഗ്രഹിച്ചതോ ? ദൈവം സര്‍വസ്വത്രന്ത്രനായിട്ടല്ലേ അവനെ ഈ ഭൂമിയില്‍ സൃഷ്ടിച്ചത് ? അവനു കൈകാലുകളും കണ്ണുകളും ബുദ്ധിയും കൊടുത്തത് ആ ദൈവം തന്നെ അല്ലെ? സ്വതന്ത്രനാകുക എന്നതില്‍ എന്താണ് തെറ്റ് ? എത്ര കഴിവുള്ളവനായിരുന്നു അവന്‍ ? ഇത്രയധികം ക്രൂരത കാണിക്കാന്‍ എന്താണ് അവന്‍ ചെയ്ത അപരാധം ? അവിടെ തുടങ്ങിയതാണ്‌ എന്റെ പക..മനസ്സില്‍ നിന്നും ഒരിക്കലും ഞാന്‍ മറന്നില്ല ആ രംഗം..പകയുടെ ചൂട് കൂട്ടാന്‍ എനിക്ക് അത് എന്നും ഓര്‍ക്കണമായിരുന്നു .എന്റെ അമദുവിന്റെ ചൂഴ്ന്നെടുത്ത കണ്ണുകള്‍ അതെവിടെയാകും ആ ദുഷ്ട്ടന്മാര്‍ ഉപേക്ഷിചിട്ടുണ്ടാകുക ?!!
ഇന്നലത്തെ ദിവസം എനിക്ക് സന്തോഷത്തിന്റെതാണ് ..ലോകത്തെ ഏറ്റവും സന്തോഷവാന്മാരില്‍ ഒരാള്‍ ആണ് ഞാന്‍..അമദുവിന്റെ കൊലയ്ക്കു ഞാന്‍ കണക്കു വീട്ടി...! അവനെപ്പോലെ ആയിരം പേരുടെ ജീവന് കണക്കു ഞങ്ങള്‍ വീട്ടി ..! പേപ്പട്ടിയെ കൊല്ലുന്നത്  പോലെ ഞങ്ങള്‍ അവനെ തല്ലിക്കൊന്നു ..ക്രൂരതയുടെ പര്യായമായി ലോകം മുഴുവന്‍ വെറുക്കുന്ന , ഞങ്ങളുടെ രാജ്യം നാല്‍പ്പതു വര്‍ഷം അടക്കി ഭരിച്ച ആ കാട്ടുപന്നിയെ !! നാറുന്ന ഓടയില്‍ ഒളിച്ചിരുന്ന അവനെ പുറത്തെടുത്തു മണ്ണില്‍ കൂടി ഞങ്ങള്‍ വലിച്ചിഴച്ചു ..! കയ്യില്‍ കരുതിയിരുന്ന അമദുവിന്റെ ചപ്പല്‍ കൊണ്ടാണ് ഞാന്‍ അവനെ തല്ലിയത് , പ്രായത്തിന്റെ ചുളിവുകള്‍ പുറംലോകം അറിയാണ്ടിരിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തു സുന്ദരമാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട അവന്റെ വികൃത മുഖത്ത് എന്റെ നാറുന്ന കഫം ആഞ്ഞാഞ്ഞു തുപ്പി. ഉന്മാദത്തിലായിരുന്നു ഞങ്ങള്‍ ..അമദുവിന്റെ കണ്ണുകള്‍ ചൂഴ്ന്ന പോലെ അവന്റെ ആ വൃത്തികെട്ട കണ്ണുകള്‍ ചൂഴ്ന്നെടുത്ത്‌ ആ കുഴികളില്‍  മണ്ണ് വാരിയിടണം എന്ന് ഞാന്‍ ആഗ്രഹിച്ചതാണ്‌ അത് നടന്നില്ല..! അവന്റെ ഒളിത്താവളത്തെ കുറിച്ച് വിവരം തന്ന നാറ്റോ കമ്മാണ്ടര്‍ ആവശ്യപ്പെട്ടത് ജീവനോടെ പിടിച്ചു കൈമാറാനായിരുന്നു..ഒരിക്കലും അവന്‍ ജീവിക്കാന്‍ അര്‍ഹനേയല്ല ഏതേലും വിചാരണകോടതി അവനു നല്‍കിയെക്കാവുന്ന തൂക്കിക്കൊല എന്ന ശിക്ഷ അവനെ സംബന്ധിച്ചിടത്തോളം വെറും ചെറിയ ശിക്ഷയാകും ..പട്ടിയെപ്പോലെയാണ് അവന്‍ ചാവാനുള്ളത് ..പേ പിടിച്ച പുഴുത്ത പട്ടിയെ പോലെ ..! അവന്റെ കണ്ണുകളില്‍ ഉരുണ്ടു കൂടിയ ഭയം , ആയിരക്കണക്കിന് അമദുമാര്‍ക്ക് ക്രൂരമായ മരണം വിധിച്ചവന്‍ ഭീരുവിനെ പോലെ അവസാനം പറഞ്ഞ ആ വാക്കുകള്‍  " എന്നെ വെടി വക്കരുത് " എന്ന യാചന ..ഒരു തരത്തിലും എന്നില്‍ ഒരു ദയനീയതയും തോന്നിച്ചില്ല ..! ആ തലയില്‍ ആദ്യം വെടി ഉതിര്‍ത്തത് ഞാന്‍ തന്നെ.വെടിയുണ്ട കൊണ്ട് കുഴിഞ്ഞ തലയില്‍  കൂടെ ഉള്ളവര്‍ തൊഴിച്ചു ..! എന്റെ റിവോള്‍വര്‍ അഞ്ചു പ്രാവശ്യം പൊട്ടിച്ചു അവന്റെ തലയില്‍ ..ബാക്കി വന്ന ഒരു വെടിയുണ്ട അമദുവിനു വേണ്ടി നേടിയ വിജയത്തിന്റെ സൂചനയായി ആകാശത്തേക്കും പൊട്ടിച്ചു ..!
അടുത്ത സീന്‍ ഈ കൊലയുടെ തന്നെ ആകട്ടെ..സീന്‍ എട്ടു എഴുതാന്‍ എനിക്ക് മദ്യത്തിന്റെ ലഹരി വേണ്ടി പേന പേപ്പറില്‍ കാണിച്ചാല്‍ തലച്ചോറിന്റെ സിഗ്നല്സ് പോലും വേണ്ടാതെ എന്റെ കൈ അത് സ്വയം എഴുതും അത്രയ്ക്കുണ്ട് ആവേശം.
രിഹാന്‍ പേന എടുത്തു എഴുതാന്‍ തയ്യാറായി .അപ്പോഴാണ്‌ വാതിലില്‍ ആരോ മുട്ടുന്നത് കേട്ടത്  ? പേന താഴ്ത്തി വച്ച് സുഷിരത്തില്‍ കൂടി രിഹാന്‍ പുറത്തേക്കു നോക്കി .."അബ്ബ ..ഹോ എത്ര നാളായി എന്റെ അബ്ബയെ കണ്ടിട്ട്"..രിഹാന്‍ വേഗം വാതില്‍ തുറന്നു. "അബ്ബാ ..അസ്സലാമു അലൈക്കും ..ഞാന്‍ വീട്ടിലേക്കു വരാന്‍ തുടങ്ങിയതായിരുന്നു..അമ്മി എവിടെയാണ് ? വീട്ടില്‍ എല്ലാര്‍ക്കും സുഖമാണോ"രിഹാന്‍ സന്തോഷത്തോടുകൂടി ആ വൃദ്ധനായ മനുഷ്യനെ കെട്ടിപ്പിടിച്ചു.
 "വാ അലൈക്കും അസ്സലാം ,സുഖമാണോ മോനെ?..നീ എന്നെ കാണാതെ വിഷമിച്ചത് പോലെ ഞാന്‍ നിന്നെയും മറ്റു മക്കളെയും കാണാതെ വിഷമിച്ചിരിക്കുവായിരുന്നു..നിന്റെ മുഖത്ത് പതിവില്ലാതെ സന്തോഷം കാണുന്നുണ്ടല്ലോ ? പുറത്തെ ആഘോഷങ്ങളില്‍ പങ്കാളിയാകുന്നില്ലേ നീ?"
"ഇല്ല അബ്ബ ..അബ്ബയുടെ പ്രിയപ്പെട്ട മുഅമ്മറിന്റെ മരണം ഞാന്‍ ആഘോഷിക്കാനോ ? അതൊരിക്കലും ഉണ്ടാകില്ല ..ഞാന്‍ അത് ആഗ്രഹിക്കുന്നില്ല.." വളരെ പണിപ്പെടേണ്ടി വന്നു രിഹാനു അത്രയും പറയാന്‍.
  "രിഹാന്‍ ..നിന്റെ പുരികങ്ങള്‍ വിറയ്ക്കുന്നുണ്ട്..പണ്ടും എന്നോട് കള്ളം പറയുമ്പോള്‍ നിന്റെ പുരികങ്ങള്‍ വിറക്കുമായിരുന്നു".ഉറക്കെ ചിരിച്ചുകൊണ്ട് ആ പിതാവ് പറഞ്ഞു. കള്ളം പിടിക്കപ്പെട്ടു..അബ്ബയുടെ മുന്നില്‍ തന്റെ കള്ളങ്ങള്‍ വിലപ്പോകില്ല എന്ന് നന്നായി അറിയുന്ന രിഹാന്‍ കൂടുതല്‍ തര്‍ക്കത്തിന് മുതിരാതെ  തല താഴ്ത്തി നിന്നതെ ഉള്ളൂ.
"എന്തിനായിരുന്നു നിങ്ങള്‍ടെ ഈ പ്രതിഷേധം? എന്തിനാണ് നിങ്ങള്‍ ഈ ഭരണകൂടം മറിച്ചിടാന്‍ ഇത്ര ആവേശം കാണിച്ചത് ? രിഹാന്‍ നീ ഒന്നോര്‍ക്കണം..നിന്റെ ശരീരത്തില്‍ ഒഴുകുന്ന ഓരോ ചോരത്തുള്ളിയിലും മുഅമ്മറിന്റെ കാരുണ്യത്തിന്റെ അംശമുണ്ട് ..!" വൃദ്ധന്‍ കയ്യ് രണ്ടും തന്റെ കോട്ടിന്റെ പോക്കെറ്റില്‍ തിരുകികൊണ്ട് പറഞ്ഞു.
"ഹും , കാരുണ്യം !!..അബ്ബയ്ക്ക് എന്തറിയാം ?..ക്രൂരനാണയാള്‍ , മനുഷ്യരക്തം കുടിക്കുന്ന ചെന്നായ ..അബ്ബ അയാളുടെ ഒരു മുഖം മാത്രമാണ് കാണുന്നത്. ഏകാധിപതികള്‍ മരിക്കുന്നില്ല ജനങ്ങള്‍ അവരെ ക്രൂരമായി കൊല ചെയ്യുകയാണ് ചെയ്യുന്നത് ആ ചരിത്രം ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു അത്ര തന്നെ "ഉള്ളിലെ രോഷം ഒട്ടും തന്നെ  മറച്ചു വക്കാതെ പല്ലുകള്‍ഇറുമ്മി കൊണ്ട് രിഹാന്‍ പറഞ്ഞു.

"രിഹാന്‍  , നീ മുഅമ്മറിനെ നോക്കി കണ്ടത് പകയുടെ ചുവന്ന കണ്ണുകളില്‍ കൂടി മാത്രമായിരുന്നില്ലേ ? മറ്റൊരു വശം നീ ആലോചിച്ചിട്ടുണ്ടോ? ഇദ്രിസ് രാജാവ് ഭരിച്ചിരുന്ന ലിബിയയും മുഅമ്മര്‍ ഭരിച്ചിരുന്ന ലിബിയയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ നിനക്ക് കഴിയില്ല പക്ഷെ ഈ രണ്ടു കാലഘട്ടത്തിലും ജീവിച്ചിരുന്ന എനിക്ക് കഴിയും" ഒന്ന് നിര്‍ത്തി രിഹാന്റെ മുന്നിലേക്ക്‌ വന്നു കൊണ്ട് അയാള്‍ തുടര്‍ന്നു.
"ഓര്‍ക്കുന്നുണ്ടോ ഈ രാജ്യത്ത് നീ എങ്ങനെയാണ് ജീവിച്ചിരുന്നതെന്ന്..നിന്റെ ജീവിതം കൂട്ടുകാരായ ഇന്ത്യക്കാരുടെയും ജര്‍മ്മന്‍കാരുടെയും ഇംഗ്ലണ്ട്കാരുടെയും രാജ്യങ്ങളിലെ ജീവിതവുമായി താരതമ്യം ചെയ്തിട്ടുണ്ടോ ? എന്തൊക്കയാണ് നീയും ഞാനും ഉള്‍പ്പടെ  ലിബിയക്കാര്‍ അനുഭവിച്ചിരുന്ന സുഖസൗകര്യങ്ങള്‍ എന്ന് എപ്പോഴെങ്കിലും ഒരു ചിന്ത നിന്റെ മനസ്സില്‍ പോയിട്ടുണ്ടോ ? കരണ്ട് ബില്ല് എന്താണെന് നീ കണ്ടിട്ടുണ്ടോ ഇതുവരെ ? ഓരോ രാജ്യത്തും വൈദുതി ഒരു അമൂല്യ വസ്തു ആയിമാത്രം വിതരണം ചെയ്യുമ്പോള്‍ തന്റെ ജനങ്ങള്‍ക്ക് അത് സൌജന്യമായല്ലേ മുഅമ്മര്‍ നല്‍കിയത് ? ബാങ്ക് ലോണിനു പലിശ എന്ന ഒരു സംവിധാനം ഉള്ളത് നിനക്കറിയോ?? നീ എടുത്ത ഏതേലും ലോണിനു അങ്ങനെ ഒരു സംവിധാനം ഇവിടെ കണ്ടിട്ടുണ്ടോ ? സ്വന്തമായി വീടോ വാഹനമോ ഇല്ലാത്ത ഒരു ലിബിയന്‍ പൌരനെ നീ അറിയുമോ ? വിദ്യാഭ്യാസത്തിനോ ആശുപത്രി ചികില്സയ്ക്കോ ഒരു ചില്ലിക്കാശ് നീ ഇവിടെ ചിലവാക്കിയിട്ടുണ്ടോ ? വിദേശത്ത് പോയി പഠിക്കാന്‍ നിനക്ക് കിട്ടിയ പണം എവിടുന്നാണ് ? സര്‍ക്കാര്‍ മാസാമാസം അനുവദിച്ച  2300 ഡോളര്‍ നീ അവിടെ ചിലവാക്കിയത് പഠനത്തിനു മാത്രം ആയിരുന്നില്ലലോ ? ഒരു ബിരുദധാരിയായി തിരിച്ചെത്തിയ നിനക്ക് ജോലി ഇല്ലാതിരുന്നിട്ടും ജീവിക്കാനായി ഒരു തുക വേതനമായി കിട്ടിയത്  മറന്നോ നീ ? നിന്നെ പോലെ തന്നെ ഈ സുഖം അനുഭവിച്ച ഇന്നത്തെ തലമുറയിലെ ഓരോരുത്തരും ഇതൊക്കെ വേഗം മറന്നു ..! ഈ രാജ്യത്തിലെ എണ്ണസമ്പത്തിന്റെ ഉടമസ്ഥാവകാശം പൊതുമേഖലയില്‍ തന്നെ നിറുത്തി അതില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്കു നിന്റെയും എന്റെയും ഉള്‍പ്പടെ ഇവിടെയുള്ള ഓരോ പൌരന്റെയും ബാങ്ക് അക്കൌണ്ടില്‍  എത്തുന്നില്ലേ? ഇതൊക്കെ ചെയ്തത് ആരായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഓരോ ലിബിയക്കാരനും സ്വന്തമായി വീടുണ്ടാകാതെ തനിക്കു സ്വന്തം വീട് വേണ്ട എന്ന് പ്രഖ്യാപിച്ച മുഅമ്മറിന്റെ അബ്ബയും അമ്മിയും മരിച്ചത് ഒരു ടെന്റില്‍ കിടന്നായിരുന്നു എന്നത് നിനക്ക് അറിയാത്ത കാര്യമല്ലല്ലോ ? നീ ഇവിടെ ഭക്ഷിച്ചിരുന്ന റൊട്ടിയുടെ വിലയ്ക്ക്  ലണ്ടനില്‍ ഒരു റൊട്ടി വാങ്ങിയിട്ടുണ്ടോ ?ലണ്ടന്‍ പൌരന്മാര്‍ കൊടുത്തിരുന്ന ടാക്ക്സ് പോലെ ഒരു സംവിധാനം നീ ഇവിടെ കണ്ടിട്ടുണ്ടോ ? ഇതൊക്കെ ആ മനുഷ്യന്റെ കാരുണ്യം അല്ല എന്ന് നിനക്ക് എങ്ങനെ പറയാന്‍ കഴിയും രിഹാന്‍ ?" കിതച്ചു കൊണ്ട് ആ വൃദ്ധന്‍ പറഞ്ഞു നിര്‍ത്തി .
"എനിക്കറിയാം രിഹാന്‍ നിന്റെ മനസ്സിലെ മുറിവ്..അമദുവിന്റെ വേര്‍പാട് നിന്നില്‍ ഉണ്ടാക്കിയ മാനസികാഘാതം നീ അറിയാതെ നിന്നില്‍ ഒരു മൃഗത്തെ കൂടി വളര്‍ത്തി എടുത്തു.എല്ലാ സുഖസൗകര്യങ്ങളും കൊടുത്ത മുഅമ്മര്‍ തന്റെ ജനങ്ങള്‍ ചിന്തിക്കുന്നതും തന്നെപ്പോലെ ആകണമെന്ന് ശഠിച്ചു ..അതിനു എതിര് നിന്നവരെ രാജ്യ തല്പ്പര്യത്തിനാണ് ഇല്ലാതാക്കിയത്..ഏതൊരു രാജ്യത്തും രാജ്യത്തിന്‌ എതിരാകുന്നവര്‍ക്ക് ശിക്ഷ ഇത് തന്നെയാണ്....സത്യസന്ധമായി  പറയാന്‍ കഴിയുമോ നിനക്ക് അമദുവിന്റെ മരണത്തിനു പ്രതികാരമായി മാത്രമാണ് ഇപ്പോള്‍ നീ ഇവിടെ കാണിക്കുന്ന ആഹ്ലാദം എന്നത് "
അയാള്‍ നടന്നു രിഹാന്റെ പുറകിലായി സ്ഥാനമുറപ്പിച്ചു..!
രിഹാന്‍ നിശബ്ദനായിരുന്നു ..ഈ ചോദ്യത്തിനു മറുപടി സത്യസന്ധമായി പറഞ്ഞാല്‍ അബ്ബ പറഞ്ഞതാണ് ശരി ..! പകവീട്ടല്‍  മാത്രമായിരുന്നില്ല എന്റെ ഉള്‍പ്പടെ പലരുടെയും ഉള്ളിലെ ലക്‌ഷ്യം ! ഈ രാജ്യം അടിച്ചമര്‍ത്തിയ വികാരങ്ങള്‍ ..പലതിനോടും അടങ്ങാത്ത  ആസക്തികള്‍.. എന്റെ കാര്യം മാത്രം എടുത്താല്‍ ലണ്ടനില്‍ അനുഭവിച്ച പല തരം സ്ത്രീകളുടെ ഞരമ്പുകളെ ത്രസിപ്പിച്ച ഗന്ധം അതുയര്‍ത്തിയ കാമാസക്തി , മദ്യമെന്ന ലഹരിയോടുള്ള അമിതാസക്തി ഇതൊക്കെ എന്റെ സ്വന്തം നാട്ടിലും സുലഭമായി വേണം എന്ന ആഗ്രഹം ..സ്വതന്ത്രമായി ജീവിക്കാന്‍ ഇനി വിമതരോടൊപ്പം നില്‍ക്കുക എന്ന സ്വാര്‍ഥത പൂണ്ട ജീവിതത്തിനോടുള്ള ആസക്തി ...അബ്ബ ആഗ്രഹിക്കുന്നത് അദ്ധേഹത്തിന്റെ സുഖം എനിക്ക് എന്റെ സുഖം അതെനിക്ക് ഈ നാട്ടിലും വേണമെങ്കില്‍ ഗദ്ദാഫി എന്ന പന്നി ചാകണമായിരുന്നു ..ചിലപ്പോള്‍ ആസക്തികളോടുള്ള പ്രണയം തന്നെയാകും അമദുവിന്റെ മരണത്തിനോടുള്ള പ്രതികാരത്തെക്കാള്‍ മുന്നില്‍ നിന്നതും..!!
കഴുത്തില്‍ തണുപ്പുള്ള ഒരു സ്പര്‍ശം ഓര്‍മകളില്‍ നിന്നും രിഹനെ ഉണര്‍ത്തി..കൈകള്‍ അനങ്ങുന്നുമില്ലല്ലോ ഇതെന്താണ് ??
"അബ്ബാ എന്താണ് ഈ കാണിക്കുന്നത് ഈ കത്തി മാറ്റൂ .എന്റെ കൈകള്‍ സ്വതന്ത്രമാക്കു.".ആ വൃദ്ധന്റെ ഉറപ്പുള്ളതും ബാലിഷ്ട്ടവുമായ കൈകളില്‍ നിന്നും രിഹാന്‍ കുതറിമാറാന്‍ ശ്രമിച്ചു കൊണ്ട് ആക്രോശിച്ചു..
"ഇല്ല രിഹാന്‍ ..നിന്നെ ഈ ട്രിപ്പോളിയിലേക്ക് കൈ പിടിച്ചു ആനയിച്ചത് ഞാനാണ്..എന്റെ പ്രിയപ്പെട്ട മുഅമ്മറിന്റെ അടുക്കലേക്കു..അന്ന് ഞാന്‍ കരുതിയില്ല നീ കൂടി ചേര്‍ന്ന ഒരു സംഘമാകും ആ മനുഷ്യന്റെ അവസാനത്തിനു കാരണമെന്നും..നീ കാണുന്ന മുഅമ്മര്‍ ചെന്നായ ആണെങ്കില്‍ എനിക്ക് അദ്ദേഹം സര്‍വശക്തനായ ദൈവത്തിന്റെ തൊട്ടു താഴെയുള്ള ഇരിപ്പിടങ്ങളില്‍ ഒരു സ്ഥാനത്താണ്..ഈ കൊച്ചു മരുഭൂമിയിലെ ഒരു കുഗ്രാമത്തില്‍ പട്ടിണി കിടന്നു മരിക്കേണ്ടിയിരുന്ന എന്നെ ഞാനാക്കിയ , തെരുവ്തെണ്ടികളായി മരിക്കേണ്ട എന്റെ കുഞ്ഞുങ്ങളെ ഞാനോ അവരോ പ്രതീക്ഷിക്കാത്ത രീതിയില്‍ ഓരോ സ്ഥാനത്ത് എത്തിച്ച , ഇപ്പോള്‍ തിരിഞ്ഞു കൊത്തിയ ഈ നാട്ടുകാര്‍ എന്ന സര്‍പ്പങ്ങളെ എല്ലാ സൌകര്യങ്ങളും കൊടുത്തു തീറ്റിപോറ്റി വളര്‍ത്തിയ സാധുവായ ഭരണാധികാരി..!! ഇന്ന് ലോകം കാണുന്ന ആ മൊബൈല്‍ വീഡിയോയില്‍ അദ്ധേഹത്തെ തുപ്പുന്നവരിലും ആ തലയില്‍ വെടിയുണ്ട തറയ്ക്കുന്നവരിലും ഒരാള്‍ എന്റെ രിഹാന്‍ ആണെന്ന് അറിഞ്ഞപ്പോള്‍..അപ്പോള്‍ തന്നെ ഈ കത്തിയുമായി നിന്നെ കാണാന്‍ വരണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്‌..സുഹൃത്തിന്റെ മരണത്തിനു പക തീര്‍ക്കാന്‍ എന്നതിനപ്പുറം നീ നിന്നെ മറന്നു നിന്റെ മതത്തെ മറന്നു പുതുതായി ശീലിച്ച പല ആസക്തികള്‍ക്കും പിന്നാലെ പോയി..! പാശ്ചാത്യ ലോകത്തിന്റെ അപകടകരമായ ജീവിത സുഖങ്ങളില്‍ മതിമറന്ന നീ സ്വന്തം സൌഭാഗ്യങ്ങള്‍ക്കു നേരെ കണ്ണടച്ച് അവരുടെ കയ്യിലെ ഒരു പാവയായി പാല് തന്ന കൈക്ക് തന്നെ കടിച്ചല്ലോ മോനെ ....നിനക്ക് അമദു എനിക്ക് മുഅമ്മര്‍ ..അത്രയും കരുതിയാല്‍ മതി..വിഷമിക്കണ്ട മദ്യം മലിനമാക്കിയ മനസ്സും ശരീരവും കൊണ്ട് അവസാനത്തെ പ്രാര്‍ത്ഥന നീ ചൊല്ലണ്ട നിനക്ക്
വേണ്ടി അത് ഞാന്‍ തന്നെ ചെയ്യാം  !!
കഴുത്തിലെ ഞെരമ്പുകള്‍ മുറിച്ചു ആ കത്തി കഴുത്തെല്ല് വരെ എത്തി എന്ന് ഉറപ്പാക്കിയിട്ടെ ആ വൃദ്ധന്‍ രിഹാന്റെ മേല്‍ ഉള്ള പിടി വിട്ടുള്ളൂ...അപ്പോഴും അയാള്‍ മകന് വേണ്ട അവസാന കലിമ ഉരുവിട്ട്കൊണ്ടിരുന്നു..! പുറത്തപ്പോഴും ജനങ്ങള്‍ ആഹ്ലാദത്തിമിര്‍പ്പിലാണ് ..വെടിയൊച്ചകള്‍ മുഴങ്ങുന്നു.. പ്രതികാരത്തിന്റെയും പകയുടെയും ചുവന്നപുലരികള്‍ ഇല്ലാത്ത ഒരു പുതിയ ലിബിയ സ്വപ്നം കാണുന്ന ജനങ്ങളുടെ ആര്‍പ്പുവിളി ആഘോഷം !!!
അവിടെ അവശേഷിച്ച അപൂര്‍ണ്ണമായ ആ രചന ക്രൂരനായ ഏകാധിപതിയെ കൊല ചെയ്ത ഒരു മകന്റെ രക്തത്തിലും ,തന്റെ മതത്തിന്റെയും ജീവനെപ്പോലെ സ്നേഹിച്ച നേതാവിന്റെയും വഴിമാറി സഞ്ചരിച്ച മകനെ കൊല ചെയ്യേണ്ടി വന്ന പിതാവിന്റ രക്തത്തിലും കുതിര്‍ന്നിരുന്നു..!

പ്രതീക്ഷകള്‍ അസ്തമിക്കുന്നില്ല..!  പേര്                          മുതല്‍               മുതലും പലിശയും
      കറുപ്പയ്യ                       150000 രൂപ           285675 .87 രൂ
ചിന്നസ്വാമി                   25000  രൂപ             56987  രൂപ
 മൂക്കയ്യ                        65000 രൂപ              98765  രൂപ
ചക്കരപാണ്ടി                   75000 രൂപ            126478  രൂപ
പിച്ച്ചക്കുട്ടി അണ്ണാച്ചി        225000  രൂപ           364699 രൂപ
ശേഖര കൌണ്ടര്‍             350000 രൂപ            578000 രൂപ

ആകെ                        890000  രൂപ           1510604  .87 രൂപ


*****************************1510604  .87 രൂപ ...!! തുക ഒന്നുകൂടി നോക്കി നെടുവീര്‍പ്പിട്ടു  മാധവന്‍ നായര്‍ ആ കടലാസ് കഷ്ണം മടക്കി പ്ലാസ്റ്റിക് കവറിനുള്ളില്‍ ഇട്ടു തന്റെ ഒറ്റമുണ്ട് ഉയര്‍ത്തി പണം സുരക്ഷിതമായി സൂക്ഷിക്കാന്‍ മാത്രം ഉപയോഗിക്കുന്ന പാളക്കരയന്‍ നിക്കറിന്റെ ചെറിയ പോക്കെറ്റില്‍ തിരുകി ..! കരിമ്പടം തലവഴി മൂടി തണുപ്പിനെ പ്രതിരോധിച്ചു പിന്നെയും അയാള്‍ മല കയറ്റം തുടര്‍ന്നു.


*                  * *                  * *                  * *                  * *                  *


" എന്റെ ഹൃദയ രക്തം കൊണ്ടാണ് ഞാന്‍ ഈ ഒപ്പ് വക്കുന്നത് "മായ വായിച്ചു നിര്‍ത്തി.


"അതൊന്നു കൂടി വായിച്ചേ മോളെ " ഒഴിഞ്ഞ ചാക്കുകള്‍ നിവര്‍ത്തിയിട്ടു മടക്കുന്നിതിനിടയില്‍ മാധവേട്ടന്‍ വിളിച്ചു പറഞ്ഞു .


"കേരളത്തിന്റെ പ്രദേശമായ പെരിയാറില്‍ നിന്നും വെള്ളം കൊണ്ട് പോകാനായി തയ്യാറാക്കി അവതരിപ്പിച്ച കരാറില്‍ ബ്രിട്ടീഷുകാരുടെ  നയപരമായ ബലപ്രയോഗത്തിലൂടെ ഒട്ടും തന്നെ തല്പ്പര്യമില്ലാതിരുന്നിട്ടും തിരുവിതാന്‍കൂര്‍ മഹാരാജാവ് വൈശാഖം തിരുന്നാള്‍ രാമവര്‍മ്മ നിവൃത്തി ഇല്ലാതെ ഒപ്പ് വച്ചപ്പോള്‍ പറഞ്ഞതാണ് അച്ഛാ ..എന്റെ ഹൃദയരക്തം കൊണ്ടാണ് ഞാന്‍ ഈ ഒപ്പ് വക്കുന്നത് " ..അവസാനം പറഞ്ഞ ഭാഗം കുറച്ച നാടകീയമായി അവതരിപ്പിച്ചു കൊണ്ട് മായ പറഞ്ഞു .


"കൊള്ളാം രാജാവിന്റെ ഹൃദയ രക്തം എന്തായാലും നഷ്ട്ടമായില്ല ..ഇതെല്ലാം ഇപ്പോള്‍ അനുഭവിക്കാന്‍ പിന്‍തലമുറക്കാര്‍  മലയാളികള്‍ ഉണ്ടല്ലോ ഈ അണ്ണാച്ചിമാരുടെ തെറി വിളി സഹിക്കാന്‍ വയ്യാണ്ട് ആയി..മോള്‍ അത് മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചേ " മാധവേട്ടന്‍ തറയില്‍ കുത്തി ഇരുന്നു കൊണ്ട് അടക്കയും വെറ്റിലയും ഒരുക്കി ഒന്ന് മുറുക്കാന്‍ തയ്യാറെടുത്തു..മാധവേട്ടന്റെ ആകെ ഉള്ള ദുശീലമാണ് വെറ്റില മുറുക്ക്..മുറുക്കാന്‍ പെട്ടിയും വായില്‍ മുറുക്കിയ ചുവപ്പുമില്ലാത്ത മാധവേട്ടനെ കാണുന്നത് ചുരുക്കമാണ് .


" മായേ നീ എന്തെടുക്കുവാ " അടുക്കളയില്‍ നിന്നും ദേഷ്യത്തോടെ ത്രേസ്യാമ്മ വിളിച്ചു ചോദിച്ചു .


"നിങ്ങള്‍ ഈ ചരിത്രം അറിഞ്ഞിട്ടു നാളെ പരീക്ഷ വല്ലതും എഴുതാന്‍ പോകുന്നുണ്ടോ ? അവള്‍ക്ക് അടുക്കളയില്‍ പണിയുണ്ട്  ..ടീ പെണ്ണെ നീ ഇങ്ങോട്ട് വന്നു ഈ അരി കഴുകി അടുപ്പില്‍ ഇട്ടേ"ത്രേസ്യാമ്മ വിടാന്‍ ഒരുക്കമല്ല.


" നീ വായിച്ചിട്ട് പോയാല്‍ മതി മോളെ ..അടുപ്പില്‍ ചുറ്റിയ കോഴിയെ പോലെ കറങ്ങാനല്ലാതെ നിന്റെ അമ്മച്ചിക്ക്  വല്ല വിവരവും ഉണ്ടോ" മാധവേട്ടന്‍ പതിവ് വാചകം ആവര്‍ത്തിച്ചു സ്വയം ചിരിച്ചു.'അച്ഛാ ഞാന്‍ പറയാം ..ഇത് മുഴുവന്‍ ഞാന്‍ വായിച്ചതാ .." മായ അടുക്കളയിലേക്കു നീങ്ങി കൂടെ മാധവേട്ടനും .


"അതിനു ശേഷം 1886 -ല്‍ ആണ് പെരിയാര്‍ പാട്ടക്കരാര്‍ എന്നറിയപ്പെടുന്ന മുല്ലപ്പെരിയാര്‍ കരാര്‍ ഒപ്പുവച്ചത് ..പെരിയാറിന്റെ ആഴം കൂടിയ അടിത്തട്ടില്‍ 155 അടി ഉയരത്തില്‍ സ്ഥിതി  ചെയ്യുന്ന പ്രദേശങ്ങളില്‍ വരെ ഉയരുന്ന വെള്ളം ഉപയോഗിക്കാം എന്നായിരുന്നു കരാര്‍ അതിനോടൊപ്പം 8000 ഏക്കര്‍ സ്ഥലവും പോരാഞ്ഞിട്ട് 100 ഏക്കര്‍ സ്ഥലം ഡാം കെട്ടാനും ആ കരാറില്‍ വ്യവസ്ഥ ഉണ്ടായിരുന്നു ..കരാര്‍ 999 വര്‍ഷത്തേക്കായിരുന്നു എന്നതാണ് പ്രതെയ്കത .ഇടയ്ക്ക് ഈ കരാര്‍ റദ്ദാക്കാന്‍ ദിവാന്‍ സര്‍ സി.പി  ഒരു ശ്രമം നടത്തി നോക്കി പക്ഷെ ഭലം കണ്ടില്ല..ഇന്ത്യ സ്വതന്ത്ര ആയതിനു ശേഷം കരാര്‍ പുതുക്കാന്‍ ശ്രമിച്ച തമിഴ്നാട് നമ്മുടെ നേതാക്കന്മാരുടെ കരുണ കൊണ്ടോ കീശ വീര്‍പ്പിക്കാനുള്ള ആഗ്രഹം കൊണ്ടോ ഈ കരാര്‍ 1970 നു വീണ്ടും പുതുക്കി..കൃഷിക്കായി ഉപയോഗിക്കേണ്ട വെള്ളം പിന്നെ കറന്റ്‌ ഉല്‍പ്പാദനത്തിനും ഉപയോഗിച്ചു തുടങ്ങി..അത് കൊണ്ടാ അച്ഛാ നമുക്ക് ഈ ഭാഗത്ത് ഇപ്പോള്‍ വൈദ്യുതിയും വെള്ളവും എല്ലാം കിട്ടുന്നത് .." മായ അരി കഴുകി അടുപ്പിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു.


*                  * *                  * *                  * *                  * *                  *


മൂന്നു പെണ്മക്കളും ഭാര്യയും അടങ്ങിയ കുടുംബമാണ് മാധവേട്ടന്റേത് ..ഒറ്റപ്പാലത്ത് നിന്നും കമ്പം തേനി ഭാഗത്തേയ്കു കുടിയേറിയ കര്‍ഷകന്‍ ..മണ്ണിനോട്  മല്ലടിച്ച് അധ്വാനിച്ചു ജീവിക്കുന്ന ഒരു സാദാമനുഷ്യന്‍...മാധവേട്ടന്റെ ചരിത്രം സംഭവബഹുലമാണ്..നല്ല  പ്രായത്തില്‍ നാടിനെയും വീടിനെയും വെല്ലു വിളിച്ചു അന്തോണി മാപ്പിളയുടെ മകള്‍ ത്രേസ്യയെ വിളിച്ചിറക്കി കൊണ്ട് പോയി കല്യാണം കഴിച്ചു വിവാദം സൃഷ്ട്ടിച്ച ആള്‍. അക്കാലത്ത് പാലക്കാടും ഒറ്റപ്പാലത്തും വളര്‍ന്ന കമ്മ്യൂണിസ്റ്റ്‌ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ കടുത്ത അനുഭാവി ആയിരുന്ന മാധവേട്ടന്‍ ചില സുപ്രധാന സമരങ്ങളില്‍ പങ്കെടുത്തു ജയിലില്‍ കിടന്നിട്ടുമുണ്ട് ..പാര്‍ട്ടി ഭരണത്തില്‍ കേറിയപ്പോള്‍ ജനങ്ങളില്‍ നിന്നും അകലുന്നത് വിഷമത്തോടെ  നോക്കി കണ്ട മാധവേട്ടന്‍ സംഘടനയൊക്കെ വിട്ടു ജീവിക്കാനായി നാട് വിട്ടു കമ്പം തേനി ഭാഗത്തേയ്ക്ക് വന്നതാണ്..മക്കള്‍ ഓരോരുത്തര്‍ ജനിക്കുമ്പോഴും മാധവേട്ടനിലെ പോരാളി പതുക്കെ രംഗം വിട്ടു തുടങ്ങി..പെണ്മക്കള്‍ ഉള്ള മറ്റു പിതാക്കന്മാരെയും പോലെ അരക്ഷിതബോധം അയാളെയും പിടിപെട്ടു.


*                  * *                  * *                  * *                  * *                  *" ഈ വിളവെടുപ്പ് കഴിഞ്ഞു നമുക്ക് ഒറ്റപ്പാലത്തേക്ക് പോകണം ..കേട്ടോടി  തെചാമ്മേ " വൈകുന്നേരമുള്ള പതിവ് കുളി കഴിഞ്ഞു തല തുവര്‍ത്തി . ഭാര്യയുടെ കൈയില്‍ നിന്നും രാസ്നാദിചൂര്‍ണം വാങ്ങുമ്പോള്‍ മാധവേട്ടന്‍ പറഞ്ഞു.. അയാള്‍ അവരെ തെചാമ്മ എന്നാണ് വിളിക്കാറു.


" ഗോപി പറഞ്ഞ ആ കല്യാണം നമുക്ക് ഉറപ്പിക്കാം ..മായ മോള്‍ടെ പഠിത്തം കഴിഞ്ഞല്ലോ ഇനി താമസിപ്പികണ്ട "


" മാധവേട്ട ..ഞാന്‍ പല തവണ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്  ഇങ്ങളിപ്പോള്‍ ഈ കളിക്കുന്നത് കൈവിട്ട കളിയാണ്..ഇത്ര നാള്‍ ഉണ്ടായിരുന്ന സമ്പാദ്യവും കൂടെ കടവും വാങ്ങി ഇങ്ങനെ ഒരു കൃഷി വേണ്ടിയിരുന്നില്ല..കുറച്ചു കാശ് നമ്മുടെ കയ്യില്‍ കരുതേണ്ടിയിരുന്നു ..' ത്രേസ്യാമ്മ  പറഞ്ഞു.


"ടീ തെചാമേ ..നമ്മുടെ മക്കളെ മൂന്നു പേരെ കെട്ടിക്കണ്ടേ ? ചിന്നമണി അണ്ണാച്ചിയുടെ 42 ഏക്കര്‍ വളരെ കുറഞ്ഞ നിരക്കില്‍ പാട്ടത്തിനു കിട്ടിയതും അതോടൊപ്പം നമ്മുടെ സ്ഥലവും ചേര്‍ന്നപ്പോള്‍ ഞാന്‍ ഒന്ന് കളിച്ചത് തന്നെയാ..അല്ലാതെ കിട്ടുന്ന നാക്കാപിച്ച കൊണ്ട് അവരുടെ കല്യാണം നടത്താന്‍ ആകില്ലടീ..നിന്റെ അപ്പന്‍ അന്തോണി മാപ്പിളയോ എന്റെ അച്ഛന്‍ ബാലകൃഷ്ണന്‍ നായരോ ഒന്നും ഉണ്ടാക്കി വചീട്ടൊ തന്നിട്ടോ അല്ല പോയത് അപ്പോള്‍ ചില കൈവിട്ട കളികള്‍ കളിക്കേണ്ടി വരും...അത് നിന്റെ അപ്പന്‍ കളിക്കുന്ന ആന മയില്‍ ഒട്ടകമോ , മുചീട്ടുകളിയോ അല്ല ...മണ്ണിനോട് അധ്വാനിക്കുന്ന കഷ്ടത നിറഞ്ഞ കളിയാ..നീ വിഷമിക്കണ്ട ..എനിക്കീ കളിയില്‍ നല്ല പ്രതീക്ഷയുണ്ട് .. ദൈവം നമ്മളെ കൈ വിടില്ല ..നല്ല വിള കിട്ടുന്ന ലക്ഷണം ഉണ്ടെടി ഇത്തവണ നമ്മള്‍ രക്ഷപ്പെടും..നീ ആ ലൈറ്റ് അണച്ച് കിടക്കാന്‍ നോക്കെടി പെണ്ണെ.." മാധവേട്ടന്‍ ഫാന്‍ സ്പീഡില്‍ വച്ച്‌ ഒരു വശത്തേക്ക് തിരിഞ്ഞു കിടന്നു.


*                  * *                  * *                  * *                  * *                  *


ചന്തയിലും വഴിയിലുമൊക്കെ ആളുകളുടെ തുറിച്ചു നോട്ടം അവഗണിച്ചു മാധവേട്ടന്‍ വേഗം വീട്ടിലേക്കു നടന്നു..തമിഴന്മാര്‍ ആകെ മാറി..ഈ അടുത്ത് വരെ നായര്‍ അണ്ണാ എന്ന് വിളിച്ചിരുന്ന പലരും ഇപ്പോള്‍ ഒരു തരം നികൃഷ്ടമായ എന്തിനെയോ കാണുന്നത് പോലെയാണ് നോക്കുന്നത്.മാധവേട്ടന്‍ മനസ്സില്‍ ഓര്‍ത്തു ... തന്നോട് എന്തിനാണ് ഈ ദേഷ്യം ..താനും മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ട് തന്നെയാണ് കൃഷി ചെയ്യുന്നത് .. ആ വെള്ളം കിട്ടേണ്ടത് ഇവരെ പോലെ തന്റെയും ആവശ്യമല്ലേ ??..മനസ്സ് കൊണ്ട് താന്‍  ഇവരോടൊപ്പം തന്നെയാണ്..പക്ഷെ വെള്ളം നല്‍കും എന്ന് കേരള മുഖ്യമന്ത്രി ഉറപ്പു പറഞ്ഞിട്ടും ഇവരുടെ പിടിവാശിയും അഹങ്കാരവും കാരണം ഉണ്ടായിരിക്കുന്ന ഈ ദുരവസ്ഥയില്‍ പാവപ്പെട്ട കൃഷിക്കാരനായ താന്‍ എന്ത് പിഴച്ചു.?


നടക്കുന്നതിനിടയില്‍ ചില ആളുകളുടെ പരിഹാസം കലര്‍ന്ന അലര്‍ച്ച മാധവേട്ടന്‍ ശ്രദ്ധിച്ചു...ചിലരൊക്കെ ആക്ഷേപിച്ചു ചിരിക്കുന്നത് പോലെ ..എന്തോ പ്രശ്നം ഉണ്ടല്ലോ .അല്ലാതെ ഇവര്‍ ഇങ്ങനെ പെരുമാറില്ല...വീട് അടുക്കും തോറും ദൂരെ കാണുന്ന കറുത്ത പുക മാധവേട്ടനെ ഒന്നസ്വസ്ഥനാക്കി ..കാലുകള്‍ക്ക് പരമാവധി വേഗം വര്ധിപിച്ചു മാധവേട്ടന്‍ നടന്നു..തമിഴന്മാരുടെ ആര്‍പ്പുവിളി ശബ്ദം എവിടെയൊക്കെയോ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട് ചില മുദ്രാവാക്യങ്ങളും .മാധവേട്ടന് എന്തോ അപായം മണത്തു.*                  * *                  * *                  * *                  * *                  *
            

ഇനി കുറച്ചു കൂടി നടക്കണം ..കൈ സഞ്ചി ഭദ്രമായി നെഞ്ചിനോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് മാധവേട്ടന്‍ നടന്നു..നേരം വെളുക്കുന്നതിനു മുന്നേ അവിടെ എത്തണം എന്നാലെ പ്രതീക്ഷിച്ചത് പോലെ എല്ലാം നടക്കു...!


അന്നത്തെ ആ ദിവസം...താന്‍ ചന്തയില്‍ നിന്നും തിരിച്ചു വരുമ്പോള്‍ കണ്ട കാഴ്ച !! കത്തി തീര്‍ന്ന വീടിനു മുന്നില്‍ നിലവിളിക്കുന്ന മക്കളും ത്രെസ്സ്യാമ്മയും ..ഭ്രാന്ത് പിടിച്ചത് പോലെ തോന്നി ..രണ്ടു കൈയും തലയില്‍ വച്ച് താഴേക്ക്‌ വീണു പോയി ..ബോധം വന്നപ്പോള്‍  തേനി സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു മൂലയില്‍ പുല്‍പ്പായയില്‍ കിടക്കുകയായിരുന്നു താന്‍.. എന്താണ് അന്ന് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍  ത്രേസ്യാമ്മ പൊട്ടിക്കരഞ്ഞു ... മായമോള്‍ അനിയത്തിമാരെ ഒതുക്കി പിടിച്ചു തറയില്‍ ചടഞ്ഞു ഇരിപ്പുണ്ടായിരുന്നു..പെണ്ണുങ്ങള്‍ പൊട്ടികള്‍ അവര്‍ക്കൊരുപാട് വികാരങ്ങള്‍ ഒതുക്കാന്‍ അറിയാം പക്ഷെ വിഷമം ഒതുക്കാന്‍ അറിയില്ല മണ്ടികള്‍ ഒരു ചെറിയ വിഷമം വന്നാല്‍ അപ്പോളെ വലിയ വായില്‍ കരയും...നാല് പെണ്ണുങ്ങള്‍  ചുറ്റും കൂടി ഇരുന്നു കരയുന്നതിനിടയ്ക്ക് തന്റെ കുറച്ച ദിവസങ്ങള്‍ !!


വെള്ളം കിട്ടില്ല എന്ന പ്രചരണത്തിന് തമിഴന്മാരുടെ ദേഷ്യം ..കേരള കോണ്‍ഗ്രസുകാര്‍ നടത്തുന്ന സമരം കണ്ടു കേരളത്തിന്‌ അന്നം കൊടുക്കുന്നവര്‍ എന്ന് വീമ്പിളക്കുന്ന തമിഴന്മാര്‍ക്ക് അഹങ്കാരം കലര്‍ന്ന പക...കേരളത്തില്‍ വച്ച് തമിഴ് അയ്യപ്പന്മാരെ ആക്രമിക്കുന്നു എന്ന വാര്‍ത്തയില്‍ രോഷം പൂണ്ട തമിഴന്മാര്‍ക്ക് കിട്ടിയ ഇര താനായിരുന്നു..അവരോടു ക്ഷമിച്ചേനെ... വീട് പോയാല്‍ പോട്ടെ എന്ന് കരുതിയേനെ..പിന്നീട് അറിഞ്ഞ വാര്‍ത്ത തന്നെ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തിക്കളഞ്ഞു..ചോര വിയര്‍പ്പാക്കി മണ്ണില്‍ പണി ചെയ്തു വിളവെടുപ്പിനു തയ്യാറായ കൃഷി മുഴുവന്‍ അവര്‍ തീയിട്ടും വെട്ടിയും നശിപ്പിച്ചിരിക്കുന്നു ..തന്റെ മക്കളെ പോലെ സ്നേഹിച്ച ഓരോ ഫലവും അവര്‍ വെട്ടി കുഴിച്ചു മൂടി...കൃഷി ഭൂമി മുഴുവന്‍ ഇളക്കി മറിച്ചു..ഒരിക്കലും അതിനു മാപ്പ് കൊടുക്കാന്‍ തനിക്കാകില്ല ..!


അവിടുന്നങ്ങോട്ടുള്ള ജീവിതം എങ്ങനെ മുന്നോട്ടു പോകും എന്നോര്‍ക്കുമ്പോളൊക്കെ ആദ്യാമാദ്യം കുറെ ട്യൂബ് ലൈറ്റുകള്‍ ഒരുമിച്ചു മിന്നി അണയുന്നത് പോലെ എന്തോ ഒന്ന് തലച്ചോറില്‍ അനുഭവപ്പെടുമായിരുന്നു... പിന്നെ അത് ചെറുപുഞ്ചിരി ആയി മാറി ..അവിടുന്ന് അത് നിര്‍ത്താത്ത പൊട്ടി ചിരി ആയി രൂപാന്തരപ്പെട്ടു..." ഇന്താള്‍ എപ്പോതും സിരിപ്പ് താന്‍" എന്ന് ആശുപത്രിയില്‍ അടുത്ത പായയില്‍ കിടന്ന കറുമ്പി തമിഴത്തി പറഞ്ഞു ..താന്‍ ചിരിക്കുകയായിരുന്നോ ? ഹാ ആര്‍ക്കറിയാം...അല്ലെങ്കില്‍ എങ്ങനെ തനിക്കു ചിരിക്കാനാകും??
ആവോ ! ..ആശുപത്രിയിലെ തമിഴന്‍ ഡോക്ടര്‍ക്കും മുല്ലപ്പെരിയാര്‍ അസുഖം ബാധിച്ചിരുന്നു എന്ന് തോന്നുന്നു...എല്ലാപേരെയും  നോക്കിയതിനു ശേഷം സമയം ഉണ്ടെകില്‍ മാത്രം തന്റെ പായയുടെ അടുത്ത് വന്നു ഒന്ന് നോക്കി പോകും..ഇടയ്ക്ക് അയാള്‍ ആരോടോ പറയുന്നത് കേട്ടു.." ഇന്ത കേരള നായരെ എതാവത് മെന്റല്‍ ഹോസ്പിറ്റലില്‍ അട്മിട്റ്റ് പണ്ണിതാന്‍ ആകണം " അത് കേട്ട് ചുമ്മാ ഇരിക്കാന്‍ തനിക്കു കഴിഞ്ഞില്ല അയാള്‍ അടുത്ത് വന്നപ്പോള്‍ ട്രിപ്പ്‌ കുപ്പി തൂക്കുന്ന സ്റ്റാന്റ് എടുത്തു തലക്കിട്ടു ഒന്ന് കൊടുത്തു ..ആഹാ ചോരാ ചീറ്റുന്നത് കാണാന്‍ നല്ല രസമായിരുന്നു..ആ തമിഴന്റെ കറുത്ത മുഖത്ത് ചുവപ്പ് ചോര പടരുന്നത്‌ കാണാന്‍ നല്ല രസമുണ്ടായിരുന്നു ...അതുകൊണ്ടെന്താ കുറച്ചു ദിവസം തന്നെ  മാനസികാരോഗ്യ വാര്‍ഡില്‍ കിടക്കേണ്ടി വന്നു ...അവരുടെ ഭ്രാന്തിനു ചികിത്സിക്കാതെ പകരം തന്നെ പിടിച്ചു ചികിത്സിപ്പിച്ചു..പാണ്ടികള്‍ മുഴുവട്ടന്മാര്‍ !!ആശുപത്രിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ കൃഷിയിടത്തില്‍ തന്നെ നിര്‍മിച്ച താല്‍ക്കാലിക ഷെഡില്‍ പോകാം എന്ന് തെചാമ്മ തീരുമാനിച്ചു വീടൊക്കെ കത്തി പോയതല്ലേ ...പോകുന്ന വഴി എലൈറ്റ് ഹോട്ടലിലെ ബിരിയാണി വേണം എന്ന് താനും നിര്‍ബന്ധിച്ചു..ഒരു രാത്രി  മാത്രം ഈ ഷെഡില്‍ താമസിക്കാം എന്ന് തെചാമ്മയോടും കുട്ടികളോടും സമ്മതിച്ചു..മക്കളും ഭാര്യയും കുളിക്കാനായി പോയപ്പോള്‍ അവിടെ ഒരു മൂലയ്ക്ക് കൃഷിക്ക് കീടനാശിനി ആയി ഉപയോഗിച്ചിരുന്ന ഫ്യൂരിടാന്‍ എടുത്തു ബിരിയാണിയില്‍ ചേര്‍ത്ത് വച്ചു..സാധാരണ എല്ലാ കൃഷിക്കാരും ചെയ്യുന്നത് പോലെ താന്‍ സ്വയം തീര്‍ത്തില്ലല്ലോ ??..അപ്പോള്‍ കുടുംബം അനാഥമാകില്ലേ?? തനിക്കു കടം തന്നെ അണ്ണാച്ചിമാരെല്ലാം കൂടി തന്റെ ഭാര്യയേം മക്കളെയും കൊല്ലാതെ തിന്നും അത് വേണ്ട അവര്‍ മരിച്ചോട്ടെ..ഒരു ഗുണവും ഇല്ലാതെ ജീവിച്ച ഈ അച്ഛന്റെ മക്കളായി അവര്‍ ഇനി ഈ ഭൂമിയില്‍ വേണ്ട...അപ്പനെയും കുടുംബത്തിനേം വിട്ടു തന്നോടൊപ്പം ഇറങ്ങി വന്ന തന്റെ തേച്ചാമ്മയ്ക്ക്  ഇനി മക്കളെ വിറ്റു ജീവിക്കേണ്ട സ്ഥിതിയും വേണ്ട...മരിച്ചോട്ടെ ..അതാ നല്ലത്..! നാല് പേരും ഒന്നൊന്നായി പിടഞ്ഞു മരിച്ചു ..മായ മോള്‍ടെ പിടച്ചില്‍ കണ്ടപ്പോള്‍ പ്രസവിച്ചു ആദ്യം അവളെ കയ്യില്‍ കിട്ടിയ അവളുടെ മുഖം ആണ് ഓര്‍മ്മ വന്നത്..! തനിക്കു ഇനിയും ജീവിക്കണമായിരുന്നു..ചിലത് ചെയ്തു തീര്‍ക്കാന്‍ ബാക്കി കിടക്കുവല്ലേ...എല്ലാരേയും ഒരു പാഠം പഠിപ്പിക്കണം നന്ദി കെട്ട പാണ്ടികള്‍ ..! കാണിച്ചു കൊടുക്കാം..! മാധവേട്ടന്‍ സ്വയം പുലമ്പി കൊണ്ട് നടന്നു.ഇറച്ചി പാലം കടന്നപ്പോള്‍ റോഡില്‍ നിന്നും മാധവേട്ടന്‍ താഴേക്ക് ചാടി ..കാടിനുള്ളില്‍ കൂടി താഴേക്ക്‌ പോയാല്‍ മുല്ലപ്പെരിയാറില്‍ നിന്നും പെരിയാര്‍ പവര്‍ സ്റ്റേനിലേക്ക് പോകുന്ന സ്പില്‍വേ പൈപ്പുകള്‍ കാണാം..അത് വഴി ആണ് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ട് പോകുന്നത് ..മാധവേട്ടന്‍ അതിനെ ലക്ഷ്യമാക്കി കാട്ടില്‍ കൂടി നടന്നു...ആയിരം ചീവീടുകള്‍ ഒരുമിച്ചു ചിലക്കുന്നത്‌ പോലെ ഉള്ള ശബ്ദം ..തണുത്ത കാറ്റ് ആഞ്ഞു വീശുന്നുമുണ്ട്‌.. .മണ്ണിനടിയില്‍ കൂടി പോകുന്ന പൈപ്പ് പുറത്തു കാണുന്ന ഭാഗത്ത്‌ എത്തിയപ്പോള്‍ അയാള്‍ തന്റെ കൈ സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന ടൈം പീസ് ഖടിപ്പിച്ച നാടന്‍ ടൈം ബോംബ്‌ പുറത്തെടുത്തു..കാന്തം ഒട്ടുന്ന തരത്തില്‍ ആയിരുന്നു അതിന്റെ നിര്‍മാണം ..പക്ഷെ പൈപ്പ് കാസറ്റ്‌ അയണ്‍ ആയതു കൊണ്ട് കാന്തം ഒട്ടിയില്ല...എങ്കിലും കയ്യില്‍  കരുതിയ കയര്‍ കൊണ്ട് ഒരെണ്ണം അവിടെ ഫിറ്റ്‌ ചെയ്തു...പൈപ്പ് പോകുന്നിടതെക്കെല്ലാം നടന്നു ഇടവിട്ട് സഞ്ചിയില്‍ ഉണ്ടായിരുന്ന മറ്റു നാല്  ബോംബുകളും ഖടിപ്പിച്ചു..


ഈ പൈപ്പ് വഴിയല്ലേ അവനൊക്കെ വെള്ളം കൊണ്ട് പോകുന്നത് ഇതെല്ലാം തകരട്ടെ...കാണാമല്ലോ കറുമ്പന്‍മാര്‍ക്ക് ഇനി എങ്ങനെ വെള്ളം കിട്ടുമെന്ന് ?? കോയമ്പത്തൂര്‍ പോയി ഒരു തമിഴന്റെ സഹായത്തോടെ തന്നെയാണ് ഇത് സംഘടിപ്പിച്ചത് ...അവന്‍ നിര്‍മ്മിച്ച  ബോംബ്‌  കൊണ്ട് തന്നെ അവരുടെ വെള്ളം കുടി മുട്ടട്ടെ... കൃത്യം അര മണിക്കൂര്‍ കഴിയുമ്പോള്‍ ഈ ബോംബുകള്‍ പൊട്ടും..അതോടെ അവരുടെ വെള്ളം കുടി മുട്ടും..ഈ കുറച്ചു നാളുകളില്‍ തുടങ്ങിയ കാത്തിരിപ്പ് ഈ അര മണിക്കൂറില്‍ അവസാനിക്കും..!

മാധവേട്ടന്‍ പോക്കറ്റില്‍ കരുതിയിരുന്ന വെറ്റില അടയ്ക്ക പൊതി പുറത്തെടുത്തു ..അതിനോടൊപ്പം ചെറിയ കുപ്പിയില്‍ സൂക്ഷിച്ച ഫ്യുരിടാനില്‍ കാംബോസ് എന്ന ഉറക്ക് മരുന്ന് കലര്‍ത്തിയ ദ്രാവകവും..ഇനി തനിക്കു പോകാം തെച്ചാമ്മയും മക്കളും അവിടെ കാത്തിരിപ്പുണ്ട്‌...ഒറ്റയ്ക്ക് വിട്ടതിന്റെ പരിഭവം കാണും അവര്‍ക്ക്..അവരുടൊപ്പം ജീവിച്ചു തനിക്കു  കൊതി തീര്‍ന്നിട്ടില്ല ..! അതിനു മുന്നേ അവസാനമായി വിശാലമായി ഒന്ന് മുറുക്കണം !*                  * *                  * *                  * *                  * *                  *


കോയമ്പത്തൂര്‍ ഹൈവേ റോഡിലെ അമ്മാസ് ടി സ്ടാള്ളില്‍ ചായ ഒഴിക്കുന്ന തിരക്കിലാണ് കറുപ്പ്ചാമി ..


" ഡേയ് മുത്ത് ഇങ്കെ വാ തമ്പി "


"എന്നാ അണ്ണാ എന്‍ കൂപ്പിടരേന്‍"


" ഡേയ് എന്നാ പാട്ടെടാ. എനടാ റൊമ്പ സിരിപ്പ് ..ഏതാവത് കിടചാച്ചാ "


" ഹഹഹ്ഹ അണ്ണേ അത് വന്ത്  ഒറ് കേരള പൈത്യം എങ്കിട്ടെ ബോംബ്‌ വേണം എന്ട്രു ചൊല്ലി വന്താച്ച് ..അന്ത അറിവ് കെട്ട മുണ്ടത്തുക്ക് ബോംബ്‌ എന്ന് ചൊല്ലി അയിഞ്ചു ടൈം പീസ്‌ കൊടുത്താച്ച് ..ഹഹഹ അയിഞ്ചു ചൈന ടൈം പീസ്‌ ,മാഗ്നെറ്റ് , കൊഞ്ചം പ്ലസിക് മൊത്തമാ 500 രൂപ ആച്ച് ..അന്ത പൈത്യം പുടിച്ചവന്‍ എനക്ക് 12000 തന്തിട്ടെ ..എന്നാ ആനന്ദം അയ്യാ  ഹഹഹ ..കേരള പൈത്യം ശോമ്ബേരി അറിവ് കെട്ട മുണ്ടം...അണ്ണേ എനക്ക് സ്ട്രോങ്ങാ ഒരു ടീ കൊടുങ്കോ...പുതുസ്സാ ഏതാവത് മുല്ലൈപ്പെരിയാര്‍  വാര്‍ത്തെ ഇറുക്കാ..."


"ഡേയ് നമ്മ അമ്മാ എല്ലാം മുടിച്ചാച്ച്...പിരധാന മന്തിരി  ചിംഗ് ഇങ്ങേ വന്തിട്ടെന്‍ ഡാ..നമ്മ ചെന്നൈ വന്ത് അമ്മാവേ പാത്ത് അവ്വളവും മുടിച്ചു തിരുമ്പി പോയാച്ച് ..അന്ത ആള്‍ കേരളാവുക്ക്  പോകമാട്ടെ ഹഹ ...കേരള പൈത്യം അപ്പടി താന്‍ ഇരുക്കും ഡാ  ..കേരള പൈത്യങ്ങള്‍ക്ക്  തെരിയും ടാ തമിഴ് മക്കക്കിട്ടെ മോതിയാല്‍ എപ്പടി ഇരുക്കുമെണ്ട്രു ..അരി കിരി ഉപ്പു കിപ്പ് എല്ലാം ഇങ്കെ ഇരിപ്പേന്‍..അവരോടെ കിച്ചണില്‍ എതവും കെടക്കമാട്ടെ.. അവര്‍ക്ക് തെരിയും ഡാ...അന്ത @#@$ പുടുങ്കി മക്കള്‍ക്ക്‌ ......ഇന്താ നീ ടീ ശാപ്പിട് ഏതാവത് ഊത്തപ്പം കീത്തപ്പം വേണമാ ??  "


"ഊത്തപം കൊടുങ്കെ ...അണ്ണേ എങ്കിട്ടെ റൊമ്പ പണം ഇരുക്കെ...അന്ത മലയാളി മവനെ എമാത്തിയാച്ചയ്യ ഹഹ..നീങ്ക ഷോപ്പ് ക്ലോസ് പണ്ണി വാങ്കോ വൈന്‍ ഷോപ്പില്‍ പോലാം വാങ്കോ അണ്ണേ..."


*                  * *                  * *                  * *                  * *                  *


പ്രിയപ്പെട്ട കേരള മുഖ്യമന്ത്രിക്കും മലയാളി സഹോദരന്മാര്‍ക്കും ,


എന്റെ ഈ മരണത്തിനുത്തരവാദികള്‍ അയല്നാട്ടുകാരായ തമിഴന്മാരും താങ്കള്‍ ഉള്‍പ്പെട്ട എന്റെ നാട്ടിലെ രാഷ്ട്രീയ മന്ദബുദ്ധികളും മാത്രമാണ് ..! നൂറു വര്‍ഷത്തിലധികമായി മലയാളികളുടെ വെള്ളം കൊണ്ട് പോയി കൃഷി ചെയ്തു കറന്റ്‌ ഉത്പാദിപ്പിച്ച നന്ദി കെട്ട പാണ്ടികള്‍ ഒരു മലയാളിയായ എന്റെ വീട് കത്തിച്ചു..എന്റെ കൃഷി അവര് നശിപ്പിച്ചു ...എന്നെ തകര്‍ത്തു ...ഇപ്പോള്‍ ഡാം തകര്‍ന്നാലും നാല്‍പ്പതു ലക്ഷം പേര് മരിച്ചാലും അവര്‍ക്ക് വെള്ളം വേണം എന്ന പിടിവാശിയിലാണ്...താങ്കളും മറ്റു പാര്‍ട്ടിക്കാരും തലകുത്തി ശ്രമിച്ചിട്ടും നടക്കാത്ത കാര്യങ്ങള്‍ തമിള്‍നാട് മുഖ്യമന്ത്രി അമ്മ വളരെ എളുപ്പത്തില്‍ നേടുന്നുണ്ട്...സ്വന്തം പാര്‍ട്ടിയുടെ പ്രധാനമന്ത്രിയെ കാണാന്‍ പോലും താങ്കള്‍ക്കു മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നപ്പോള്‍ അതേ പ്രധാനമന്ത്രി ഒരു ചര്‍ച്ചയ്ക്ക് വിളിച്ചിട്ട് പോകാന്‍ പോലും കൂട്ടാക്കാത്ത ജയലളിതാമ്മയെ അവരുടെ ഇരിപ്പിടത്ത് ചെന്ന്  കണ്ടു.. 


അവര്‍ക്കനുകൂലമായി തീരുമാനങ്ങളും എടുത്തു..അതിവേഗം ബഹുദൂരം നടക്കുന്ന താങ്കള്‍ക്കും മറ്റു പ്രതിപക്ഷ കക്ഷികള്‍ക്കും രാഷ്ട്രീയ മുതലെടുപ്പിന് മാത്രമേ അറിയൂ ജനങ്ങളുടെ വികാരം അറിയില്ല ...അത് കൊണ്ട് ഇതില്‍ മലയാളികള്‍ക്ക് വേണ്ടി എന്നാല്‍ കഴിയുന്നത്‌ ഞാന്‍ ചെയ്യുന്നു ...ഈ പൈപ്പുകള്‍ തകര്‍ന്നു അത് വഴി ഈ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ..ഇത് തകരുമ്പോള്‍ ഒഴുകുന്ന വെള്ളത്തില്‍ ഒലിച്ചു പോകുന്ന എന്റെ മൃതശരീരത്തില്‍ നിന്നും ഈ കത്ത് നനഞ്ഞു നഷ്ട്ടപെടാതിരിക്കാന്‍ ഒരുപ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിട്ടുണ്ട് ..അതിനോടൊപ്പം ഞാന്‍ പലിശയ്ക്കു പണം വാങ്ങിയ കുറെ പേരുടെ പേരുവിവരങ്ങളും ..അവരോടു പറയണം ഈ നൂറു വര്ഷം കൊണ്ട് പോയ വെള്ളത്തിന്റെ കണക്കില്‍ ഈ പൈസ കൂടി  എടുത്തോളാന്‍....എന്റെ മൃതശരീരം എവിടുന്നു കിട്ടിയാലും ..ഈ കത്ത് താങ്കള്‍ വായിക്കണം എന്ന് അപേക്ഷിക്കുന്നു..


എന്ന്
മാധവന്‍ നായര്‍ .